
ചെന്നൈ: പുഷ്പ 2 പ്രീമിയറിനിടെ തിരക്കിൽപെട്ട് മരിച്ച സ്ത്രീയുടെ കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചു. തിക്കിലും തിരക്കിലും പെട്ട് ഒൻപതുവയസുകാരൻ ശ്രീതേജയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിറുത്തുന്നതെന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സി.വി ആനന്ദും
തെലങ്കാന ആരോഗ്യവകുപ്പ് സെക്രട്ടറി ക്രിസ്റ്റീനയും ശ്രീതേജിനെ സന്ദർശിച്ചിച്ചു. കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചെന്നും പരിക്ക് ഭേദമാവാൻ കുറേനാളുകൾ വേണ്ടിവരുമെന്നും കമ്മിഷണർ പറഞ്ഞു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും വ്യക്തമാക്കി. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചു. സംഭവത്തിൽ അല്ലു അർജ്ജുനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തേജയുടെ ചികിത്സാച്ചെലവു വഹിക്കുമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അല്ലു പറഞ്ഞിരുന്നു.
കഴിഞ്ഞ നാലാം തീയതി ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജ്ജുൻ അപ്രതീക്ഷിതമായി എത്തിയതോടെ ജനം തള്ളിക്കയറുകയായിരുന്നു. കുടുംബത്തോടൊപ്പം എത്തിയ രേവതിയും കുട്ടിയും തിരക്കിൽപ്പെട്ട് കുഴഞ്ഞുവീണു. രേവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ തിയേറ്റർ ഉടമകളേയും പൊലീസ് അറസ്റ്റ് ചെയ്തു.
അല്ലുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സ്ഥിതി വഷളാക്കിയതെന്നും ലാത്തിവീശേണ്ടി വന്നെന്നുമാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
കടുത്ത ആരാധകൻ
ശ്രീതേജ് കടുത്ത അല്ലു അർജ്ജുൻ ആരാധകനായിരുന്നു. പുഷ്പയിലെ അല്ലു അർജ്ജുന്റെ 'ഫയർ ആക്ഷൻ' ഡാൻസ് കളിക്കുന്ന ശ്രീതേജിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.