
അഡ്‌ലെയ്‌ഡ്: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരം ഇന്ന് സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനുള്ള സാദ്ധ്യത ഇതോടെ ഇന്ത്യയ്‌ക്ക് മുന്നിൽ കുറഞ്ഞു വരികയാണ്. ഈ സമയം ഇന്ത്യയെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് നായകൻ രോഹിത്ത് ശർമ്മയുടെ മോശം ഫോം. ആദ്യ ടെസ്‌റ്റിൽ മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ബുംറയായിരുന്നു ആദ്യ ടെസ്റ്റിൽ രോഹിത്ത് കളിച്ചിരുന്നില്ല. രണ്ടാം ടെസ്‌റ്റിൽ ടീമിനൊപ്പം ചേർന്ന രോഹിത്ത്, കെ എൽ രാഹുലിന് വേണ്ടി തന്റെ സ്ഥിരം സ്ഥാനമായ ഓപ്പണിംഗ് ഉപേക്ഷിച്ച് മദ്ധ്യനിരയിലേക്ക് മാറി. എന്നാൽ ടെസ‌്‌റ്റിലെ രോഹിത്തിന്റെ മോശം ഫോം ഇപ്പോഴും തുടരുകയാണ്.
ഇനിയും മോശം ഫോം തുടർന്നാൽ രോഹിത്ത് ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്ക് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കറിന്റെ വെളിപ്പെടുത്തൽ. ഒരു ഓസ്‌ട്രേലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവാസ്‌കർ ഇത്തരത്തിൽ വെളിപ്പെടുത്തിയത്. മെൽബണിനും സിഡ്‌നിയിലുമാണ് ഇന്ത്യയുടെ അടുത്ത ടെസ്‌റ്റ് മത്സരങ്ങൾ. ഈ കളികളിലും തന്റെ ഫോം കണ്ടെത്താൻ സാധിക്കാതെ വന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് നോക്കിനിൽക്കാതെ രോഹിത്ത് നായകസ്ഥാനം ഒഴിയുമെന്നാണ് ഗവാസ്‌കർ പറയുന്നത്.
'അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത്തിന് കളിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. പക്ഷെ മത്സരാവസാനം റൺസ് നേടാൻ കഴിഞ്ഞില്ലെങ്കിൽ രോഹിത്ത് തന്നെ തീരുമാനം എടുക്കുമെന്നാണ് തോന്നുന്നത്.' ഗവാസ്‌കർ പറഞ്ഞു. 'ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് വളരെ കരുതലുള്ളയാളാണ് രോഹിത്ത്, നല്ല ബോധമുള്ളയാളാണ്, അതിനാൽ ടീമിൽ ഒരു ഭാരമായി നിൽക്കാൻ ഇഷ്‌ടപ്പെടില്ല. സ്‌കോർ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ അയാൾ സ്വയം പുറത്തുപോകും എന്നാണ് എനിക്ക് തോന്നിയത്.' ഗവാസ്‌കർ വ്യക്തമാക്കി.
ടീം ഇന്ത്യയിലെ മുതിർന്ന താരങ്ങൾക്ക് ഈ പരമ്പര നിർണായകമായിരുന്നു. ഭാവിയെ മുൻകണ്ട് സെലക്‌ടർമാർ തീരുമാനം എടുക്കും എന്നായിരുന്നു സൂചന. ഇതിനിടെ ഇന്ന് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മറ്റ് താരങ്ങൾക്കും പരമ്പര പ്രധാനമാണ്. പ്രത്യേകിച്ച് നായകനായ രോഹിത്തിന്.