
കൊച്ചി: പുതുവർഷം വാഹന വിപണിയിൽ വിലക്കയറ്റ കാലമാകും. മാരുതി സുസുക്കി മുതൽ കിയയും സ്കോഡയും വരെ വിവിധ മോഡൽ കാറുകളുടെ വില ജനുവരി ഒന്ന് മുതൽ വർദ്ധിപ്പിക്കും. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ഉത്പാദന ചെലവിലെ വർദ്ധനയും കണക്കിലെടുത്താണ് അധിക ഭാരത്തിൽ ഒരു ഭാഗം കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറുന്നത്.
മാരുതി സുസുക്കി
ജനുവരി ഒന്ന് മുതൽ മാരുതി സുസുക്കിയുടെ വിവിധ കാർ മോഡലുകളുടെ വില നാല് ശതമാനം വരെ കൂടും. നിലവിൽ മാരുതിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ ആൾട്ടോ കെ10 ആണ്. 3.99 ലക്ഷം രൂപ മുതലാണ് ഈ മോഡിലിന്റെ വില. ഏറ്റവും ഉയർന്ന വിലയുള്ള മോഡലായ ഇൻവിക്‌ടോയുടെ വില 29 ലക്ഷം രൂപ മുതലാണ്. മാരുതി കാറുകളുടെ വിലയിൽ 16,000 രൂപ മുതൽ 1.2 ലക്ഷം രൂപ വരെയാണ് അടുത്ത വർഷം കൂടുന്നത്.
വില വർദ്ധന നാല് ശതമാനം
ടാറ്റ മോട്ടോഴ്‌സ്
ടാറ്റ മോട്ടോഴ്സ‌് എൻട്രി ലെവൽ മുതൽ എസ്.യു.വിയും ഇലക്ട്രിക് വാഹനങ്ങളും അടക്കമുള്ള വിവിധ മോഡലുകളുടെ വില ജനുവരി ഒന്നിന് മൂന്ന് ശതമാനം ഉയർത്തനാണ് തീരുമാനം. അടുത്ത വർഷത്തേക്ക് നിരവധി പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുകയാണ്.
വർദ്ധന മൂന്ന് ശതമാനം
സ്കോഡ കാറുകളുടെ 
വില കൂട്ടുന്നു
സ്കോഡ കാറുകളുടെ വില ജനുവരി ഒന്ന് മുതൽ മൂന്ന് ശതമാനം കൂടും. കുഷാഖ്, സ്ലാവിയ, സുപ്പർബ്, കോഡിയാഖ് അടക്കം വിപണിയിലുള്ള എല്ലാ മോഡലുകൾക്കും വില വർദ്ധന ബാധകമാണ്. അടുത്ത വർഷമാദ്യം ഷോറൂമുകളിലെത്തുന്ന കൈലാക്കിന്റെ വിലയിൽ വർദ്ധനയുണ്ടാകില്ല. ബുക്കിംഗ് 33,333 ൽ എത്തുന്നതുവരെ മുൻപ് പ്രഖ്യാപിച്ച വിലയായിരിക്കും.
ഘടകങ്ങളുടെ വിലയിലും പ്രവർത്തനച്ചെലവിലുമുണ്ടായ സമ്മർദ്ദമാണ് കാറുകളുടെ വില വർദ്ധന അനിവാര്യമാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. 2026ൽ വാർഷിക വിൽപ്പന ഒരു ലക്ഷമാക്കാൻ ലക്ഷ്യമിടുന്ന സ്കോഡയ്ക്ക് കൈലാഖിന്റെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സവിശേഷ രൂപകൽപ്പന, ഉയർന്ന സുരക്ഷിതത്വം, സുഖകരയായ ഡ്രൈവിംഗ് എന്നിവ ഒത്തിണങ്ങിയയാണ് കൈലാഖ്.