cricket

ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ

പരമ്പര 1-1,നാലാം ടെസ്റ്റ് 26 മുതൽ മെൽബണിൽ

ബ്രിസ്ബേൻ : ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സമനില നഷ്ടപ്പെടുത്താതിരുന്നതിന് നന്ദി പറയേണ്ടത് മഴ ദൈവങ്ങൾക്കാണ്. ആദ്യ ദിനം മുതൽ അവസാന ദിവസംവരെ തോരാതെ സഹായിച്ച മഴയിലൂടെ പിടിച്ചെടുത്ത സമനില ഇന്ത്യ പരമ്പരയിലും 1-1ന്റെ സമനില നിലനിറുത്തിയിട്ടുണ്ട്.

ബ്രിസ്ബേനിലെ ഗാബ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയു‌ട‌െ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റൺസിനെതിരെ അവസാന ദിവസമായ ഇന്നലെ ഇന്ത്യ 260 റൺസിൽ ആൾഔട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് വേഗത്തിൽ സ്കോർ ഉയർത്താനായി ബാറ്റുവീശി 18 ഓവറിൽ 89/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. ചായസമയത്തിന് ശേഷം 275 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 2.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ എട്ടു റൺസിലെത്തിയപ്പോൾ മഴയും വെളിച്ചക്കുറവും കാരണം കളി സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

നാലാം ദിവസം 252/9 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് എട്ടുറൺസ് കൂടി മാത്രമാണ് ഇന്നലെ നേടാനായത്. 31 റൺസെ‌ടുത്ത ആകാശ്ദീപിനെ പുറത്താക്കി ട്രാവിസ് ഹെഡാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഉസ്മാൻ ഖ്വാജ (8),മക്സ്വീനി (4), ലാബുഷേയ്ൻ (1),മിച്ചൽ മാർഷ് (2),ട്രാവിസ് ഹെഡ് (17), സ്റ്റീവൻ സ്മിത്ത് (4),കമ്മിൻസ് (22) എന്നിവരുടെ വിക്കറ്റുകളാണ് 89 റൺസിനിടെ നഷ്ടമായത്. കാരേ 20 റൺസുമായി പുറത്താകാതെ നിന്നു. ബുംറ മൂന്ന് വിക്കറ്റുകളും സിറാജ്,ആകാശ്ദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി (152) നേടിയ ട്രാവിസ് ഹെഡാണ് മാൻ ഒഫ് ദ മാച്ച്.

നാലാം ടെസ്റ്റ് ഡിസംബർ 26ന് മെൽബണിൽ തുടങ്ങും.