ന്യൂഡൽഹി: സമകാലിക ജീവിതത്തിന്റെ ധാർമ്മികവും വൈകാരികവുമായ ആതുരതകളോട് തന്റെ കാവ്യബോധം കൊണ്ട് കൃത്യമായി പ്രതികരിക്കുന്ന കവിയാണ് ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ കെ.ജയകുമാർ. ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദവും, അധികാരമില്ലാത്തവരുടെ ധാർമ്മിക അധികാരവുമായിരിക്കുകയാണ് എഴുത്തിന്റെ ധർമ്മം എന്ന് തിരിച്ചറിയുന്ന കവി കൂടിയാണ്.
താരാശങ്കർ ബാനർജിയുടെ പ്രസിദ്ധമായ ആരോഗ്യ നികേതനിലെ പിങ്‌ഗള കേശിനിയെന്ന മൃത്യു ദേവതയെ ശീർഷക കവിതയായി തിരഞ്ഞെടുത്തതു വഴി, മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്റ്റേഹത്തിന്റെയും മൂല്യങ്ങളുടെ ആസന്നമായ മരണത്തെ ജയകുമാർ പിങ്‌ഗള കേശിനിയെന്ന തന്റെ കവിതാ സമാഹാരത്തിലൂടെ ധ്വനിപ്പിക്കാൻ ശ്രമിച്ചു. ഇതടക്കം 21 ഭാഷകളിലെ കവിത, നോവൽ, ചെറുകഥ, ഉപന്യാസം, സാഹിത്യ വിമർശനം, നാടകം, ഗവേഷണ ഗ്രന്ഥങ്ങൾ എന്നിവയും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അർഹമായി.
കൃതികൾ നേരിട്ട് അയയ്ക്കാം
ഗ്രന്ഥകാരൻമാർക്ക് അടുത്ത കൊല്ലം മുതൽ അവാർഡിനായി കേന്ദ്ര സാഹിത്യ അക്കാഡമിയിലേക്ക് നേരിട്ട് കൃതികൾ അയയ്ക്കാനാകും. കഴിഞ്ഞ കൊല്ലത്തെ കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിന്റെ വിജ്ഞാപനം ഉടൻ ഇറങ്ങുമെന്ന് അക്കാഡമി ഉപദേശക ബോർഡ് അംഗവും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി പറഞ്ഞു. നിലവിൽ പ്രാദേശിക തലത്തിലുള്ള സമിതി അംഗീകരിച്ച സൃഷ്‌ടികളാണ് അക്കാഡമി അവാർഡിനായി പരിഗണിക്കുന്നത്. കൃതികൾ നേരിട്ട് സ്വീകരിച്ച് നടപടികൾ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. എന്നാൽ, എത്തുന്ന കൃതികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.