
മുംബയ്: ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലേക്ക് യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി നാവിക സേനാംഗങ്ങളുൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. പത്തുപേർ യാത്രക്കാരാണ്. നാവികസേനയുടെ സ്‌പീഡ് ബോട്ട് നീൽകമൽ എന്ന യാത്രാ ബോട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
കൂട്ടിയിടിക്ക് പിന്നാലെ യാത്രാബോട്ട് മുങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ നവി മുംബയിലെ ഉറാനു സമീപം അറബിക്കടലിലാണ് അപകടമുണ്ടായത്. 101 പേരെ രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരമാണ്. ആറുപേരാണ് സ്‌പീഡ് ബോട്ടിൽ ഉണ്ടായിരുന്നത്. യാത്രികരിലൊരാൾ പകർത്തിയ അപകട ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
നാവികസേനാ ബോട്ടിന്റെ എഞ്ചിൻ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിൻ സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോൾ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവിക സേന,കോസ്റ്റ് ഗാർഡ്,മറൈൻ പൊലീസ് എന്നിവയുടെ ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഫോട്ടോ: അപകടത്തിൽപ്പെട്ട് മുങ്ങിയ യാത്രബോട്ട്, അപകടംവരുത്തിയ
സ്‌പീഡ് ബോട്ട് കുതിച്ചെത്തുന്നു ( വീഡിയോ ദൃശ്യത്തിൽ നിന്ന്)