vinicius

ദോഹ : ഫിഫയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള അവാർഡ് സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിംഗർ വിനീഷ്യസ് ജൂനിയർ. അടുത്തിടെ ഫ്രഞ്ച് ഫുട്ബാൾ മാഗസിന്റെ ബാലൺ ഡിയോർ പുരസ്കാരം സ്വന്തമാക്കിയിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റൊഡ്രിയെ പിന്തള്ളിയാണ് വിനി ബെസ്റ്റ് പുരസ്കാരം നേടിയത്. ബാലൺ ഡിയോറിൽ തന്നെ അവഗണിക്കുമെന്ന് സൂചന ലഭിച്ചിരുന്നതിനാൽ വേദിയിൽ പോലുമെത്താതിരുന്ന വിനീഷ്യസിന്റെ മധുരപ്രതികാരം കൂടിയായി ബെസ്റ്റ് പുരസ്കാരനേട്ടം.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിലെത്തിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചതാണ് വിനിയെ പുരസ്കാരത്തിന് അർഹനാക്കിയത്. റോഡ്രി, റയലിലെ സഹതാരം ജൂഡ് ബെല്ലിംഗ്ഹാം ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, നോർവേ താരം ഏർലിംഗ് ഹാലാൻഡ്, ലയണൽ മെസി എന്നിവരും ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ വിനിക്കൊപ്പമുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല.

ഫിഫ പുരസ്കാരം നേടുന്ന ആറാമത്തെ ബ്രസീലിയൻ താരമാണ് വിനി . റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. 2007-ൽ കക്ക പുരസ്കാരം നേടിയതിനു ശേഷം ആദ്യമായാണ് ബ്രസീൽ താരം നേട്ടം കൈവരിക്കുന്നത്. 24-കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരം കളിച്ചു. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തിൽനിന്ന് 96 ഗോളും നേടി. 13 കിരീടനേട്ടങ്ങളിൽ പങ്കാളിയായി. കഴിഞ്ഞ സീസണിൽ മാത്രം റയലിനായി 24 ഗോളുകളും 11 അസിസ്റ്റുകളും നടത്തി.

സ്പാനിഷ് സ്ട്രൈക്കർ അയ്‌താന ബോൺമാറ്റി തുടർച്ചയായ രണ്ടാംതവണയും മികച്ച വനിതാ താരമായി. ബാലൺ ഡിയോർ പുരസ്കാരവും അയ്‌താനയ്ക്കായിരുന്നു. സ്പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് പുരസകാരാർഹയാക്കിയത്.

മറ്റ് പുരസ്‌കാരങ്ങൾ
പുരുഷ ടീം കോച്ച് - കാർലോ ആഞ്ചലോട്ടി (റയൽ മഡ്രിഡ്)
വനിതാ ടീം കോച്ച് - എമ്മ ഹെയ്‌സ് ( ചെൽസി/ യു.എസ്.)
പുഷ്‌കാസ് അവാർഡ് - അലസാൻഡ്രോ ഗർനാച്ചോ (മാഞ്ചെസ്റ്റർ യുണൈറ്റഡ് / അർജന്റീന)
മാർത്ത പുരസ്കാരം- മാർത്ത (ബ്രസീൽ)
പുരുഷ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺവില്ല/ അർജന്റീന)

വനിതാ ഗോൾകീപ്പർ- അലീസ നെഹർ ( ചിക്കാഗോ റെഡ് സ്റ്റാർ/ യു.എസ്.)
ഫെയർപ്ലേ-തിയാഗോ മയ (ബ്രസീൽ)
ഫാൻ പുരസ്കാരം- ഗ്വില്ലർമോ ഗ്രാൻഡ മൗറ (ബ്രസീൽ)