finance

ന്യൂഡല്‍ഹി: രാജ്യത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് അനധികൃത പണമിടപാട് നടത്തുന്നവര്‍ സൃഷ്ടിക്കുന്നത്. റിസര്‍വ് ബാങ്ക് ചട്ടങ്ങളേപ്പോലും കാറ്റില്‍പ്പറത്തിയുള്ള പണമിടപാടുകളും കൊള്ളപ്പലിശ വാങ്ങലും കൃത്യമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെപ്പോലും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി അനധികൃത വായ്പ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ നിരോധിക്കാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ബില്ലിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് തയ്യാറാക്കിയ കരട് ധനമന്ത്രാലയത്തിന് കൈമാറിയതായി വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വലിയ ആശ്വാസമാകും ഈ നടപടി സൃഷ്ടിക്കുക. ഡിജിറ്റല്‍, ഓണ്‍ലൈന്‍ മേഖലയില്‍ അനധികൃത വായ്പാ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ നിയമം അനിയന്ത്രിതമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഗുണ്ടായിസം വര്‍ദ്ധിച്ചുവരുന്നതും ഇത് കാരണം നിരവധിപേര്‍ ആത്മഹത്യ ചെയ്യുന്നതും വളരെ ഗൗരവതരമായ കുറ്റകൃത്യമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. കൊള്ളപ്പലിശയ്ക്ക് പണം നല്‍കിയ ശേഷം ഗുണ്ടായിസം കാണിക്കുന്ന ബ്ലേഡുകാരുടെ ഓണ്‍ലൈന്‍ വെര്‍ഷനാണ് ഇത്തരം ലോണ്‍ ആപ്പുകളെന്നാണ് വിലയിരുത്തല്‍. രണ്ടും സമൂഹത്തിനും ഒപ്പം ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപദ്രവം സൃഷ്ടിക്കുന്നവയാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

നിയമാനുസൃതമായ വായ്പ ലഭ്യമാക്കുന്ന കമ്പനികളുടെ വിശദമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന് ഒരു അതോറിറ്റി സ്ഥാപിക്കണമെന്നും കരടില്‍ പറയുന്നു. ഇത് വായ്പാ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി ട്രാക്ക് ചെയ്യുന്നതിനും അനധികൃത വായ്പക്കാരുടെ ചൂഷണത്തില്‍ നിന്ന് കടം വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനും സഹായകരമാണ്. വായ്പാ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയം ബില്‍ കൊണ്ടുവരുന്നത്.