santosh-trophy

ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ പ്രാഥമിക ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും വിജയം തേടി കേരളം ഇന്ന് ഒഡിഷയെ നേരിടാനിറങ്ങും. ഡെക്കാൻ അരീനയിൽ രാവിലെ ഒൻപതിനാണ് കിക്കോഫ്.

ആദ്യ മത്സരത്തിൽ ഗോവയ്ക്ക് എതിരെ 4-3 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ ജയം. രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഏക ഗോളിന് മേഘാലയയെ തോൽപ്പിച്ചു. ഇതോടെ ആറുപോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് കേരളം. ആറുപോയിന്റ് തന്നെയുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. ഇന്നുകൂടി ജയിച്ചാൽ കേരളത്തിന് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിക്കാം.

ഒഡിഷ മൂന്നുപോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഡൽഹിയോട് തോറ്റിരുന്ന ഒഡിഷ രണ്ടാം മത്സരത്തിൽ ഗോവയെ ഇതേമാർജിനിൽ കീഴടക്കിയിരുന്നു.

ആറു ടീമുകൾ മാറ്റുരയ്ക്കുന്ന ഒരു ഗ്രൂപ്പിൽ നിന്ന് നാലുടീമുകൾക്കാണ് ക്വാർട്ടറിലേക്ക് പ്രവേശനം. ബി ഗ്രൂപ്പിൽ കേരളത്തിനൊപ്പമുള്ള നിലവിലെ റണ്ണർഅപ്പുകളായ ഗോവ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു.ഗോവ ഇന്ന് തമിഴ്നാടിനെ നേരിടും.