photo

ചേർത്തല: വയലാർ കളവംകോടം കൊല്ലപ്പള്ളിയിൽ നിറുത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് കൈക്കുഞ്ഞ് ഉൾപ്പടെ ബസ് യാത്രക്കാരായ 22 പേർക്ക് പരിക്കേറ്റു. കൊല്ലപ്പള്ളി വട്ടത്തറ ഷീലയുടെ മകൾ ഏഴുമാസം പ്രായമുള്ള ശ്രദ്ധയ്ക്കും പട്ടണക്കാട് പബ്ലിക് സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കും ഗവ.സ്കൂളിലെ വിദ്യാർത്ഥിക്കും ഉൾപ്പടെയാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.

എറണാകുളത്ത് നിന്ന് ചേർത്തലയിലേക്കു വരികയായിരുന്ന ആശിർവാദ് ബസാണ് അപകടത്തിൽപ്പെട്ടത്. ക്ഷീരസംഘത്തിൽ കാലിതീറ്റയുമായെത്തിയതാണ് ചരക്കുലോറി. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് ബസ് ചരക്കുലോറിക്ക് പിന്നിലിടിച്ചത്.