
മോസ്‌കോ: റഷ്യൻ റേഡിയേഷൻ, കെമിക്കൻ ആൻഡ് ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്സ് തലവൻ ലെഫ്റ്റനന്റ് ജനറൽ ഈഗർ കിറിലോവിന്റെ (57) വധവുമായി ബന്ധപ്പെട്ട് 29കാരനായ ഉസ്ബെക്കിസ്ഥാൻ പൗരൻ പിടിയിൽ. മോസ്കോയ്ക്ക് സമീപമുള്ള ചെർണോയെ ഗ്രാമത്തിൽ നിന്നാണ് പിടിയിലായത്. ഈഗറിനെ വധിക്കാൻ ഇയാളെ യുക്രെയിൻ സെക്യൂരിറ്റി സർവീസാണ് (എസ്.ബി.യു) റിക്രൂട്ട് ചെയ്തതെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) അറിയിച്ചു. ഈഗറിനെ വധിക്കാൻ 1,00,000 ഡോളറും യൂറോപ്യൻ യൂണിയനിലേക്ക് പോകാനുള്ള സൗകര്യവും നൽകുമെന്ന് എസ്.ബി.യു വാഗ്ദാനം ചെയ്തതായി ഇയാൾ അറിയിച്ചു.
കൊലയ്ക്ക് പിന്നിൽ തങ്ങളാണെന്ന് എസ്.ബി.യു നേരത്തെ അവകാശപ്പെട്ടിരുന്നു. ഈഗറിന്റെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ചയാണ് മോസ്കോയിൽ താമസസ്ഥലത്തിന് പുറത്ത് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഈഗറും സഹായിയും കൊല്ലപ്പെട്ടത്.
ഈഗറിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരി മുതൽ രാജ്യത്ത് 4,800 തവണ റഷ്യ രാസായുധം പ്രയോഗിച്ചെന്നാണ് യുക്രെയിൻ പറയുന്നത്. എന്നാൽ 2017ൽ തങ്ങളുടെ ശേഷിച്ച രാസായുധ ശേഖരം പൂർണമായും ഇല്ലാതാക്കിയെന്ന് റഷ്യ വാദിക്കുന്നു.