ajit-kumar

തിരുവനന്തപുരം: ഒഴിവു വരുന്ന മുറയ്ക്ക് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള പരിശോധനാ സമിതിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചത് സി.പി.ഐ മന്ത്രിമാരുടെ എതിർപ്പ് തള്ളി. ഇതോടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികളിൽ അജിത്തിനെതിരെ വിജിലൻസ് കേസെടുത്താലും സ്ഥാനക്കയറ്റം തടയുന്ന സ്ഥിതിയുണ്ടാവില്ല.

അജിത്ത് ത്രിതല അന്വേഷണം നേരിടുന്നതായി സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള പരിശോധനാ സമിതിയുടെ സ്ഥാനക്കയറ്റ ഫയൽ മന്ത്രിസഭയ്ക്ക് തടയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. ഇത് മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

അതേസമയം, 1994 ബാച്ചിൽപ്പെട്ട എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് നൽകിയ ശേഷമായിരിക്കും അജിത്തിനെയും സുരേഷ് രാജ് പുരോഹിതിനെയും പരിഗണിക്കുക. ഏപ്രിലിൽ ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ വിരമിക്കുമ്പോൾ മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് ലഭിക്കും. 2031ജൂൺ വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

ഡി.ജി.പി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി ഡിസംബറിൽ വിരമിക്കുന്നുണ്ടെങ്കിലും ആർക്കും സ്ഥാനക്കയറ്റം കിട്ടില്ല. ബി.എസ്.എഫ് മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രം മടക്കി അയച്ച ഡി.ജി.പി നിതിൻ അഗർവാൾ നിലവിൽ റോഡ് സുരക്ഷാ കമ്മിഷണറാണ്. നിതിൻ തിരിച്ചെത്തും മുൻപേ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി റാങ്ക് നൽകിയിരുന്നു. ഇവ ക്രമവത്കരിക്കുന്നതിനാൽ ജനുവരിയിൽ ആർക്കും ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റമില്ല.

അജിത്തിന് 2026 വരെ കാത്തിരിക്കേണ്ടി വരും

ജൂണിൽ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി അവസാനിക്കും. അപ്പോൾ എം.ആർ.അജിത്കുമാറിന് ഡി.ജി.പി റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എസ്.പി.ജിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഫെബ്രുവരിയിൽ സുരേഷ് രാജ് പുരോഹിത് കേരള കേഡറിലേക്ക് തിരിച്ചെത്തും. അതോടെ ജൂലായിൽ സുരേഷിന് ഡി.ജി.പി റാങ്ക് കിട്ടും. ഡി.ജി.പി റാങ്കിലുള്ള നിതിൻ അഗർവാൾ 2026ൽ വിരമിക്കുംവരെ അജിത്തിന് കാത്തിരിക്കേണ്ടി വരും.

'സർക്കാരിന് ആരോടും പ്രത്യേക താത്പര്യമോ വിവേചനമോ ഇല്ല. മാനദണ്ഡങ്ങൾ പരിഗണിച്ച് കമ്മിറ്റി ശുപാർശ ചെയ്തതാണ്. സർക്കാർ ഇത് വിലയിരുത്തി തീരുമാനമെടുക്കും".

-മന്ത്രി പി. രാജീവ്