
ന്യൂഡൽഹി ; ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരുടെ അടിവസ്ത്രങ്ങൾക്ക് അസാധാരണ ഭാരം. പരിശോധനയിൽ ഇരുവരിൽ നിന്ന് 931 37 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കിുകയായിരുന്നു ഇരുവരും. റിയാദിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്. ഇരുവരുടെയും അടിവസ്ത്രങ്ങൾക്ക് ഒരു കിലോയിലേറെ ഭാരമുണ്ടായിരുന്നു. തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്.
എക്സ് വൈ 328 വിമാനത്തിലാണ് യാത്രക്കാർ എത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിന്റെ ഗ്രീൻ ചാനൽ വഴി ടെർമിനലിൽ നിന്ന് പുറത്തുകടക്കാൻ ഇരുവരും ശ്രമിച്ചു. നേരത്തെ തന്നെ ഇരുവരും കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. കസ്റ്റംസ് ഗ്രീൻ ചാനൽ കടന്നയുടൻ രണ്ടുപേരെയും എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇരുവരുടെയും ലഗേജുകളിൽ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എ.ഐ.യു റൂമിലേക്ക് കൊണ്ടുപോയി ഇരുവരെയും പരിശോധിക്കുന്നതിനിടെയാണ് അടിവസ്ത്രത്തിന് ഒരു കിലോയിേറെ ഭാരമുള്ളതായി കണ്ടെത്തിയത്. അടിവസ്ത്രം പരിശോധിച്ചപ്പോൾ രഹസ്യ പോക്കറ്റുകൾ കണ്ടെത്തി. ഇന്ത്യൻ വിപണിയിൽ 68.93 ലക്ഷം രൂപ വിലമതിക്കുന്ന 931.37 ഗ്രാം സ്വർണം തേച്ചുപിടിപ്പിച്ച മൂന്നു പൗച്ചുകളാണ് പോക്കറ്റിൽ ഒളിപ്പിച്ചിരുന്നത്. രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു