accident

മുംബയ്: യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. അപകടത്തിന്‍ഖെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യാത്രാ ബോട്ടില്‍ നൂറിലധികം ആളുകളുണ്ടായിരുന്നതിലാണ് 13 പേര്‍ മരണമടഞ്ഞത്. മരിച്ചതില്‍ ഒരാള്‍ നേവി ബോട്ട് ഓടിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. 101 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്. സ്പീഡ് ബോട്ട് കടലില്‍ സിഗ്‌സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുകയുമായിരുന്നു.

സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനേത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് നാവികസേനയുടെ വിശദീകരണം.

അടുത്തിടെ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചിരുന്നുവെന്നും ഇതിന്റെ പരീക്ഷണം നടത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്., 11 നാവികസേനാ ബോട്ടുകളും മറൈന്‍ പൊലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചതായി ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.