pic

വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര വീണ്ടും വൈകും. ഇരുവരെയും മാർച്ച് അവസാനം തിരിച്ചെത്തിക്കുമെന്നാണ് നാസ നൽകുന്ന വിവരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇരുവരെയും ഫെബ്രുവരിയിൽ സ്‌പേസ് എക്‌സ് ക്രൂ - 9 മിഷന്റെ ഭാഗമായ ക്രൂ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാനായിരുന്നു പദ്ധതി.

ഇതിനായി നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരുമായി ക്രൂ ഡ്രാഗൺ പേടകം സെപ്തംബറിൽ നിലയത്തിൽ എത്തിയിരുന്നു. സാധാരണ നാല് പേരാണ് പേടകത്തിൽ എത്തുക. എന്നാൽ സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കേണ്ടതിനാൽ രണ്ട് സീറ്റ് ഒഴിച്ചിട്ടു.

ഇനി ക്രൂ -10 മിഷനിലെ നാല് സഞ്ചാരികൾ നിലയത്തിലെത്തിയ ശേഷമേ ഇവർ പുറപ്പെടൂ. പുതുതായി വരുന്ന സഞ്ചാരികൾക്ക് നിലവിലെ സഞ്ചാരികൾ വിവരങ്ങൾ കൈമാറുന്ന നടപടികളുടെ ഭാഗമായാണ് ക്രമീകരണം. 8 ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ജൂണിലാണ് സുനിതയും വിൽമോറും നിലയത്തിൽ എത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം ഇരുവരും നിലയത്തിൽ കുടുങ്ങി.