
തൃശൂർ: അതിരപ്പിള്ളി കാട്ടിനുള്ളിൽ തർക്കത്തെ തുടർന്ന് കൊലപാതകം. ജ്യേഷ്‌ഠൻ അനുജനെയും അനുജന്റെ ഭാര്യയെയും വെട്ടി. ആനപ്പന്തം സ്വദേശി സത്യൻ ആണ് വെട്ടേറ്റ് മരിച്ചത്. സത്യന്റെ ഭാര്യയ്‌ക്കും വെട്ടേറ്റിട്ടുണ്ട്. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സത്യനെ ജ്യേഷ്‌ഠൻ വെള്ളിക്കുളങ്ങര ശാസ്‌താംപൂർവം നഗറിൽ ചന്ദ്രമണിയാണ് വെട്ടിക്കൊന്നത്. ചന്ദ്രമണിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിലേക്ക് പോയതായിരുന്നു ഇവർ. ഇതിനിടെ മദ്യപിച്ച ശേഷം കണ്ണൻകുഴി വടാപ്പാറയിൽ വച്ച് തർക്കമുണ്ടാകുകയായിരുന്നു. ചന്ദ്രമണി, സത്യൻ, രാജാമണി എന്നിവരുടെ കുടുംബമാണ് കാട്ടിൽ പോയത്. തർക്കത്തിനിടെ സത്യനെയും ഭാര്യ ചന്ദ്രികയെയും ചന്ദ്രമണി ആക്രമിക്കുകയായിരുന്നു. സത്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അരിവാളുകൊണ്ടുള്ള വെട്ടേറ്റ ചന്ദ്രിക ആശുപത്രിയിൽ ചികിത്സയിലാണ്.