shameel

ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് ഹൈദരാബാദ് എഫ്.സിയുടെ മുഖ്യപരിശീലകനായി മലയാളിയായ ഷമീൽ ചെമ്പകത്തിനെ നിയമിച്ചു. ഈ സീസണിൽ ക്ലബിന്റെ ഹെഡ് കോച്ചായിരുന്ന താംഗ്ബോയ് സിംഗ്തോ മോശം പ്രകടനത്തിന്റെ പേരിൽ പുറത്തായതോടെയാണ് അസിസ്റ്റന്റ് കോച്ചായിരുന്ന ഷമീലിനെ ഹെഡ് കോച്ചാക്കിയത്. ഐ.എസ്.എല്ലിൽ മുഖ്യ പരിശീലകനാകുന്ന ആദ്യ മലയാളിയാണ് 38കാരനായ ഷമീൽ.

മലപ്പുറം സ്വദേശിയായ ഷമീൽ വിവ കേരള,വാസ്കോ ഗോവ,മുഹമ്മദൻസ് തുടങ്ങിയ ക്ളബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഡിഫൻഡറാണ്. പ്രൊഡിജി അക്കാഡിയിലൂടെ കോച്ചിംഗ് കരിയർ തുടങ്ങിയ ഷമീൽ മുത്തൂറ്റ് അക്കാഡമിയുടെയും കേരള ബ്ളാസ്റ്റേഴ്സ് അണ്ടർ 15 ടീമിന്റേയും ഹെഡ് കോച്ചായിരുന്നു. ബ്ളാസ്റ്റേഴ്സിന്റെ റിസർവ് ടീം അസിസ്റ്റന്റ് കോച്ചായിരിക്കേ 2020ലാണ് ഹൈദരാബാദ് എഫ്.സിയുടെ റിസർവ്സിന്റേയും അണ്ടർ18 ടീമിന്റേയും ഹെഡ് കോച്ചായി പോയത്. 2022 മുതൽ താംഗ്ബോയ് സിംഗ്തോയ്ക്ക് കീഴിൽ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി.