liquor

കൊച്ചി: കൈക്കൂലിയായി നാലു ലിറ്റർ മദ്യം കൈപ്പറ്റിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. ബിവറേജസ് കോർപ്പറേഷന്റെ തൃപ്പൂണിത്തുറ പേട്ട വെയർ ഹൗസിലെ സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ടു ലിറ്റർ വീതം മദ്യം പിടിച്ചെടുത്തു.

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം മദ്ധ്യമേഖലാ സൂപ്രണ്ട് സി. ശശിധരന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ജയരാജ്, ഇൻസ്പെക്ടർ സിയാ ഉൽഹഖ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.

ബിവറേജസ് വില്പനശാലകളിലേക്ക് വെയർഹൗസിൽ നിന്ന് കൊണ്ടുപോകുന്ന മദ്യ ലോഡുകളിൽ നിന്നാണ് കൈക്കൂലിയായി ഇരുവരും രണ്ടു ലിറ്റർ വീതം മദ്യം വാങ്ങിയതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ക്രിസ്മസ്, പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.