k-sudhakaran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിർമാണം, സ്വർണം പൊട്ടിക്കൽ, പൂരം കലക്കൽ, ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ നിരവധി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ് അജിത്കുമാർ. എന്നാൽ മുഖ്യമന്ത്രിയുടെ മാനസപുത്രനെന്ന നിലയ്ക്ക് ഇതൊന്നും പ്രമോഷന് ബാധകമായില്ല. അജിത്കുമാറിനെതിരേയുള്ള എല്ലാ കേസുകളും വൈകാതെ അവസാനിക്കും. കള്ളനെ കാവലേല്പിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥയെന്ന് സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയും കുടുംബവും ജയിലിൽ പോകാതിരിക്കണമെങ്കിൽ ഇതാണ് മാർഗമെന്നാണ് ആർഎസ്എസ് നല്കിയ തിട്ടൂരം. ആർഎസ്എസുമായി ബന്ധം സ്ഥാപിക്കാൻ അജിത് കുമാറിനെ പ്രോത്സാഹിപ്പിച്ചതും മുഖ്യമന്ത്രിയാണ്. ആർഎസ്എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാർ. പോലീസ് മേധാവികൾ നടത്തുന്ന ഓരോ നീക്കവും മുഖ്യമന്ത്രി കൃത്യമായി അറിഞ്ഞിരിക്കും. എന്നിട്ടും ഒരിക്കൽപ്പോലും അജിത്കുമാറിനെ മുഖ്യമന്ത്രി നിരുത്സാഹപ്പെടുത്തുകയോ തടയുകയോ ചെയ്തിട്ടില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

അജിത് കുമാറിനെതിരേ കൃത്യമായ അച്ചടക്ക നടപടി നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ പ്രമോഷൻ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ഭാവിയിൽ പ്രമോഷൻ നല്കുന്നതിനുവേണ്ടിയുള്ള ഒത്തുകളിയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.