rat

നമ്മുടെ വീടുകളില്‍ സ്ഥിരം ശല്യക്കാരും പ്രശ്‌നക്കാരുമാണ് എലികള്‍. തുരത്താന്‍ എത്രയൊക്കെ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും പിന്നെയും പിന്നെയും ആ ശല്യം ഉണ്ടാകുക തന്നെ ചെയ്യും. പലപ്പോഴും വസ്ത്രങ്ങളും വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും വരെ ഇവ കരണ്ട് തിന്നാറുമുണ്ട്. ഒരു എലി കാരണം വളരെ വലിയ ബുദ്ധിമുട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഉണ്ടായത്. 2018ല്‍ ആണ് വിചിത്രമായ ഒരു സംഭവം നടന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമിലെ ഒരു പട്ടണത്തിലാണ് സംഭവം. ബാങ്കിന്റെ എ.ടി.എമ്മിലെ കേബിളുകള്‍ക്കുള്ള ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് പ്രവേശിച്ച എലി തിന്ന് തീര്‍ത്തത് ലക്ഷങ്ങളുടെ നോട്ടുകെട്ടുകളാണ്. മെഷീന്‍ തകരാറിലായപ്പോഴാണ് സംഭവം ബാങ്കുകാര്‍ അറിഞ്ഞത്. തകരാറ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ ആദ്യം കീറിപ്പോയ ചില നോട്ടുകളാണ് കണ്ടെത്തിയത്. വിശദമായി പരിശോധിച്ചാല്‍ മാത്രമേ തകരാറ് എന്താണെന്ന് വ്യക്തമാകുകയുള്ളൂവെന്ന് മനസ്സിലായതോടെ ഇതിനുള്ള മാര്‍ഗങ്ങളിലേക്ക് കടന്നു.

മെയ്‌ന്റെയ്‌നന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ എത്തി മെഷീന്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ചത്ത എലിയുടെ അവശിഷ്ടങ്ങളും ഒപ്പം കീറിപ്പറിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് തങ്ങള്‍ക്കുണ്ടായത് ഭീമമായ നഷ്ടമാണെന്ന് ബാങ്ക് അധികൃതരും മനസ്സിലാക്കിയത്. പിന്നീട് നടത്തിയ കണക്കെടുപ്പില്‍ 12 ലക്ഷം രൂപയുടെ നോട്ടുകളാണ് എലി കേടുപാടുണ്ടാക്കിയിരിക്കുന്നതെന്ന് തെളിയുകയും ചെയ്തു. അന്നത്തെ വിപണി മൂല്യത്തില്‍ 19,000 അമേരിക്കന്‍ ഡോളറാണ് എലി കരണ്ട് തീര്‍ത്തത്.