
മാര്‍ക്കറ്റില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും പാലുമൊക്കെ വാങ്ങിയാല്‍ അത് നേരെ ഫ്രിഡ്ജിനുള്ളിലേക്ക് മാറ്റുകയാണ് പതിവ്. ഇവയ്ക്ക് പുറമേ കറികളും മറ്റ് ചില ഉത്പന്നങ്ങളും കേടുവരാതിരിക്കാന്‍ ഫ്രിഡ്ജിലേക്ക് മാറ്റി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ദിവസേന മലയാളികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഒരു പച്ചക്കറി ഒരുകാരണവശാലും അത്തരത്തില്‍ ചെയ്യാന്‍ പാടില്ലാത്തത് ആണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
തക്കാളിയാണ് ഈ പച്ചക്കറി. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ തക്കാളിയുടെ രുചി, ഗുണം, സ്വഭാവം തുടങ്ങിയവയ്‌ക്കെല്ലാം മാറ്റം വരുമെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഫ്രിഡ്ജില്‍ സൂക്ഷിച്ചില്ലെങ്കിലും തക്കാളി കേടാകാതെ സംരക്ഷിക്കാന്‍ കഴിയും.
തണുപ്പിനോട് റിയാക്ട് ചെയ്യുന്ന പ്രത്യേക തരം എന്‍സൈം തക്കളായില്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണ് തക്കാളി ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ അതിന്റെ രുചിയും സ്വഭാവവും മാറുന്നത്. മാത്രവുമല്ല, ഫ്രിഡ്ജിലെ മോശം ഗന്ധവും മറ്റും വലിച്ചെടുക്കുന്ന രീതിയും തക്കാളിക്കുണ്ട്. അതിനാല്‍ കഴിവതും തക്കാളി ഫ്രഡ്ജില്‍ സൂക്ഷിക്കാതിരിക്കുക. തക്കാളിയുടെ ഗുണം നഷ്ടപ്പെടാതെ കഴിക്കാന്‍ ഫ്രിഡ്ജിന് പുറത്തുതന്നെ വെക്കുക.
സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത ഏതെങ്കിലും ഭാഗത്ത് തക്കാളി സൂക്ഷിക്കാം. തക്കാളി പഴുത്തുകഴിഞ്ഞാല്‍ മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കഴിക്കുക. ഇനി അഥവാ, തക്കാളി വേഗം പഴുപ്പിക്കണമെന്നാണെങ്കില്‍ ഒരു പേപ്പര്‍ ബാഗില്‍ സൂക്ഷിച്ചാല്‍ മതി. അതുമല്ലെങ്കില്‍ നേന്ത്രപ്പഴത്തിനൊപ്പമോ ആപ്പിളിനൊപ്പമോ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാല്‍ പച്ച തക്കാളി പെട്ടെന്ന് പഴുത്തുകിട്ടും.