sabarimala

ശബരിമല : നിശ്ചയിച്ച വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കുക, തൂക്കംകുറച്ച് സാധനങ്ങള്‍ നല്‍കുക, അമിതനിരക്ക് ഈടാക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളില്‍ കണ്ടെത്തി ലീഗല്‍ മെട്രോളജി വകുപ്പ് 181കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10.87ലക്ഷം രൂപ പിഴ ഈടാക്കി. ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈമാസം 17വരെയുള്ള കണക്കാണിത്. വിരിവയ്ക്കാനും പായയും തലയിണയും വാടകയായി നല്‍കാനും നിശ്ചയിച്ച നിരക്കില്‍ കൂടുതല്‍ തുക പലയിടത്തും ഈടാക്കി.


വിവിധയിടങ്ങളിലെ കേസുകളും പിഴയും

സന്നിധാനത്ത് : 91,

ഈടാക്കിയ പിഴ : 5.76 ലക്ഷം


പമ്പയില്‍ : 53,

ഈടാക്കിയ പിഴ : 2.7ലക്ഷം


നിലയ്ക്കലില്‍ : 32,

ഈടാക്കിയ പിഴ : 2.22 ലക്ഷം


ഔട്ടര്‍ പമ്പയില്‍ : 5,

ഈടാക്കിയ പിഴ : 19,000 രൂപ

മൂന്ന് തവണ പരിശോധന

രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി സ്‌ക്വാഡ് കടകളിലും ഹോട്ടലുകളിലും വിരികളിലും സ്റ്റാളുകളിലുമെല്ലാം പരിശോധന നടത്തുന്നത്. സന്നിധാനത്തും പരിസരത്തുമായി 85 കടകളുണ്ട്. ചായ ഒരുകപ്പില്‍ 150 മില്ലിലിറ്റര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പലകടകളിലും പാലിക്കുന്നില്ല. അതേസമയം, വിലവിവരപ്പട്ടിക ഏതാണ്ട് എല്ലാകടകളിലും സ്റ്റാളുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിലവിവര പട്ടികയിലെ നിരക്കിനേക്കാള്‍ കൂടുതല്‍തുക തീര്‍ത്ഥാടകരില്‍നിന്ന് ഈടാക്കിയതിനും കേസെടുത്തു. ഏഴുപേരുള്ള ഓരോ സ്‌ക്വാഡിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറും ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റും കൂടാതെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരുമുണ്ട്.