
വാഷിംഗ്ടൺ: ഹോളിവുഡ് ആക്ഷൻ താരം ടോം ക്രൂസിനെ യു.എസ് നേവിയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ 'നേവി ഡിസ്റ്റിൻഗ്വിഷ്ഡ് പബ്ലിക് സർവീസ് അവാർഡ്" (ഡി.പി.എസ് ) നൽകി ആദരിച്ചു. സിനിമയിലെ ഐക്കണിക് കഥാപാത്രങ്ങളിലൂടെ യു.എസ് നേവിക്ക് നൽകിയ അതുല്യ സംഭാവനകൾ മുൻനിറുത്തിയാണ് അംഗീകാരം.
നേവിക്ക് പുറത്തുള്ള ഒരാൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ ഡി.പി.എസ് അവാർഡ് നേവി സെക്രട്ടറി കാർലോസ് ഡെൽ റ്റോറോ, ടോം ക്രൂസിന് സമ്മാനിച്ചു. നേവിയിലും മറൈൻ കോറിലും സേവനമനുഷ്ഠിക്കാൻ ടോം ക്രൂസിന്റെ പ്രവർത്തനങ്ങൾ യുവാക്കൾക്ക് പ്രചോദനമായെന്ന് കാർലോസ് പറഞ്ഞു.
തനിക്ക് കിട്ടിയ അംഗീകാരം സേനാംഗങ്ങൾക്ക് അർപ്പിക്കുന്നതായി ടോം ക്രൂസ് പറഞ്ഞു. 1986ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ടോപ് ഗണ്ണിലും 2022ൽ റിലീസായ ചിത്രത്തിന്റെ രണ്ടാം ഭാഗം ടോപ് ഗൺ: മാവറിക്കിലും നേവൽ ഫൈറ്റർ പൈലറ്റിന്റെ വേഷത്തിലാണ് ടോം ക്രൂസ് എത്തുന്നത്.
ടോപ് ഗണ്ണിലെ ക്രൂസിന്റെ വേഷം 1980കളുടെ അവസാനവും 1990കളുടെ തുടക്കവും നേവി പൈലറ്റ് റിക്രൂട്ട്മെന്റിൽ വൻ വർദ്ധനവിന് കാരണമായിരുന്നു. 2020ൽ യു.എസ് നേവി ക്രൂസിന് ഓണററി നേവൽ ഏവിയേറ്റർ പദവി നൽകിയിരുന്നു.
മിഷൻ ഇംപോസിബിൾ പരമ്പര, വാനില സ്കൈ, ബോൺ ഓൺ ദ ഫോർത്ത് ജൂൺ, മൈനോരിറ്റി റിപ്പോർട്ട്, ദ ലാസ്റ്റ് സമുറായ്, കൊളാറ്ററൽ, വാർ ഒഫ് ദ വേൾഡ്സ്, നൈറ്റ് ആൻഡ് ഡേ, ജാക്ക് റീച്ചർ, ഒബ്ലീവിയൻ, എഡ്ജ് ഒഫ് ടുമോറോ തുടങ്ങിയ ചിത്രങ്ങളിലൂടെയും അസാധാരണ സ്റ്റണ്ട് രംഗങ്ങളിലൂടെയും ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെയാണ് 62 കാരനായ ക്രൂസ് സൃഷ്ടിച്ചത്.