
മുംബയ്: യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വകാര്യ ബോട്ടിലെ യാത്രക്കാർ ആവശ്യത്തിന് ലെെഫ് ജാക്കറ്റ് നൽകിയിരുന്നില്ലെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. അപകടത്തിൽ 13 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്. സ്പീഡ് ബോട്ട് കടലില്‍ സിഗ്‌സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുകയുമായിരുന്നു. നാവികസേനയുടെ സ്‌പീഡ് ബോട്ടിന്റെ ഡ്രെെവർക്കെതിരെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനേത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് നാവികസേനയുടെ വിശദീകരണം.
അടുത്തിടെ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചിരുന്നുവെന്നും ഇതിന്റെ പരീക്ഷണം നടത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. നാവികസേനയുടെ ബോട്ടില്‍ രണ്ട് നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ ആറ് പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ നാവികസേന അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപസഹായം പ്രഖ്യാപിച്ചു.