
അബുദാബി: യുഎഇയിൽ വൻ ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം. യുഎഇയിൽ പൈലറ്റുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ പ്രതിമാസം 34,000 ദിർഹംവരെയാണ് (ഏഴ് ലക്ഷത്തിലധികം രൂപ) എമിറേറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഏവിയേഷൻ, ടൂറിസം മേഖലയിലെ വികസനമാണ് പൈലറ്റുമാരുടെ ഡിമാൻഡ് വർദ്ധിക്കാൻ കാരണമായതായി വിലയിരുത്തുന്നത്.
ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം ഉയരുന്നതായി എമിറേറ്റ്‌സ് ഫ്ളൈറ്റ് ട്രെയിനിംഗ് അക്കാഡമി (ഇഎഫ്‌ടിഎ) ഡിവിഷണൽ വൈസ് പ്രസിഡന്റ് ക്യാപ്‌ടൻ അബ്‌ദുല്ല അൽ ഹമ്മദി പറയുന്നു. ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി ജിസിസി ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വ്യവസായ പങ്കാളികളുമായും എയർലൈനുകളുമായും തങ്ങൾ സജീവമായി ഇടപഴകുന്നുണ്ടെന്ന് ഇഎഫ്‌ടിഎ ഡിവിഷണൽ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
2032 ഓടെ ആഗോളതലത്തിൽ 80,000 പൈലറ്റുമാരുടെ കുറവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് തൊഴിൽ വിദഗ്ദ്ധർ വിലയിരുത്തുന്നത്. വടക്കേ അമേരിക്കയ്ക്ക് പുറത്ത് പൈലറ്റുമാരുടെ ഏറ്റവും വലിയ ക്ഷാമം നേരിടുക മിഡിൽ ഈസ്റ്റിൽ ആയിരിക്കും. അടുത്ത കുറച്ച് വർഷങ്ങളിൽ വിമാന യാത്രാ ആവശ്യകതയിൽ കുത്തനെ വർദ്ധനവുണ്ടാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. 2023 ആകുമ്പോഴേക്കും ഈ മേഖലയിൽ 3,000 പൈലറ്റുമാരുടെയും 2032 ആകുമ്പോഴേക്കും 18,000 പൈലറ്റുമാരുടെയും കുറവ് നേരിടേണ്ടി വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റുമാർക്ക് ആകർഷകമായ പാക്കേജ് ആണ് വാഗ്ദാനം ചെയ്യുന്നത്. താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമേ, ഫസ്റ്റ് ഓഫീസറുടെ ശമ്പളം പ്രതിമാസം ഏകദേശം 26,000 ദിർഹം മുതൽ 34,000 ദിർഹം വരെയാണ്.