
''സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ഒരു ക്രിസ്മസ് ദിനം കൂടി കടന്നുവരികയാണ്! എത്രയെത്ര ക്രിസ്മസുകൾ വന്നുപോയാലും, എന്നും നമ്മുടെ ഹൃദയംകവർന്ന പുണ്യസ്മരണകളുമായി നിറഞ്ഞുനിൽക്കുന്നത് ഒരേയൊരു ക്രിസ്മസ് മാത്രമാണ്! അതെ, മനുഷ്യകുലത്തിലാർക്കും ആഘോഷിക്കാൻ യോഗമില്ലാതെപോയ, ആദ്യ ക്രിസ്മസിന്റെ സ്മരണ പുതുക്കലാണല്ലോ, പിന്നീടു വന്ന ഓരോ ക്രിസ്മസുകളും! അങ്ങനെ, ഓരോവർഷവും, നന്മയുടെ നക്ഷത്രവിളക്കുകളുമായി, നമ്മെ പുതിയൊരു വർഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി ക്രിസ്മസ് എത്തുന്നു. എന്നാൽ, നിശബ്ദമായൊരു അതീവരഹസ്യം മന്ത്രിച്ചുകൊണ്ടാണ് ഓരോ ക്രിസ്മസും നമ്മുടെ ജീവിതത്തിലെത്തുന്നത് എന്ന സത്യം നിങ്ങൾക്കറിയാമോ! അങ്ങനെ എന്തു രഹസ്യമാണ് ക്രിസ്മസ് മന്ത്രിക്കുന്നതെന്നാണോ നിങ്ങൾ ആലോചിക്കുന്നത്? അതെന്താണെന്നറിയില്ലേ?"" പുഞ്ചിരിയോടെ  സദസ്യർ തന്റെ വാക്കുകളെ ആസ്വാദ്യപൂർവ്വം സ്വീകരിക്കുന്നതിലെ സംതൃപ്തിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു :
  ''ലോകം മുഴുവൻ സന്തോഷവും, സമാധാനവും പകർന്നു നൽകിയ രാജാധിരാജന്റെ തിരുപ്പിറവി രാജകൊട്ടാരത്തിലൊന്നും ആയിരുന്നില്ലല്ലോ! മനുഷ്യരാരും ആ ദിവ്യ മുഹൂർത്തമറിഞ്ഞില്ലെങ്കിലും, കാലിത്തൊഴുത്തിലെ മിണ്ടാപ്രാണികൾ അത് മനസിലാക്കിയിരുന്നു. പൂർണ്ണ ഗർഭിണിയായിരുന്ന അമ്മ മേരിക്ക് തണുപ്പുള്ള ആ രാത്രിയിൽ തലചായ്ക്കാനായി ആ സത്രത്തിന്റെ പുറംതിണ്ണയിലെങ്കിലും ഇടം കൊടുത്തിരുന്നെങ്കിൽ, അവിടം ഉണ്ണിയേശുവിന്റെ തിരുപിറവിയോടെ പുണ്യസ്ഥാനമായി മാറുമായിരുന്നു! അവിടുത്തെ സത്രം സൂക്ഷിപ്പുകാരനൊരു വാഴ്ത്തപ്പെട്ടവനായും മാറുമായിരുന്നു! പക്ഷെ, അയാൾക്കതിനൊന്നും യോഗമുണ്ടായില്ല. നമ്മുടെ ഏതെങ്കിലുമൊരു പ്രവൃത്തി, പുണ്യ പ്രവൃത്തിയായി  മനസാക്ഷി അംഗീകരിച്ചുതരുന്നതെപ്പോഴാണ്? ഉത്തരം ലളിതമല്ലേ! ആ പ്രവൃത്തി ഒരു സഹജീവിയുടെയെങ്കിലും പുഞ്ചിരിക്ക് കാരണമാവുമെങ്കിൽ! അപ്രകാരം ഒരു സാധുവിന്റെ ജീവിതത്തിൽ പുഞ്ചിരി വിരിയിച്ച, മനുഷ്യനന്മ കണ്ട് ക്രിസ്മസിനെ വരവേൽക്കാം:
ക്രിസ്മസിന്റെ തലേനാൾ വീട്ടിലെത്താൻ വളരെ ബുദ്ധിമുട്ടിയശേഷമാണ് അയാൾക്ക് എയർടിക്കറ്റ് കിട്ടിയത്. വിമാനത്താവളത്തിലേക്ക് ഓടി കയറവെ, അബദ്ധത്തിൽ അവിടെ കപ്പലണ്ടി വിറ്റുനടന്ന ഒരു കുട്ടിയുമായി അയാൾ കൂട്ടിയിടിച്ചു. ആ, കുട്ടിയുടെ കൈവശമിരുന്ന കപ്പലണ്ടി മുഴുവനും അവിടെചിതറി വീണു. സ്വന്തം കുടുംബത്തിന് അന്നം തിരയുന്ന ആ ബാലൻ, അന്ധനാണെന്ന സത്യം അയാളെ അസ്വസ്ഥനാക്കി. നിലത്തുവീണ കപ്പലണ്ടി പെറുക്കി നൽകി, കുറച്ചു കപ്പലണ്ടി കൂടി വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം കൂടി ആ ബാലന് കൊടുത്തശേഷം, ആ കുട്ടിയുടെ പുഞ്ചിരി പകർന്നുനൽകിയ സംതൃപ്തിയോടെ, മുടങ്ങിപ്പോയ യാത്രയ്ക്ക് പകരം അടുത്തയാത്ര ക്രമപ്പെടുത്താനായി കൗണ്ടറിൽ ചെന്നപ്പോൾ കിട്ടിയ സന്തോഷം വലുതായിരുന്നു! മോശം കാലാവസ്ഥമൂലം, അയാളുടെ യാത്രാവിമാനം പുറപ്പെട്ടില്ലായിരുന്നു, അയാളെ കാത്തു നിൽക്കുന്നപോലെ!
 നന്മ നിറഞ്ഞ നമ്മുടെ നല്ലപ്രവർത്തികൾ കണ്ട് ദൈവം ഹൃദ്യമായി പുഞ്ചിരിക്കുന്നത് നമ്മളെന്താണ് കാണാതെ പോകുന്നത്! ഓരോ ക്രിസ്മസും നമ്മോടു മന്ത്രിക്കും, കഴിഞ്ഞ ക്രിസ്മസിന് ഒപ്പം കൂടിയവരൊക്കെയിപ്പോളുണ്ടോ? ഇനി,അടുത്ത ക്രിസ്തുമസിന് ഒപ്പം കൂടാൻ ആരൊക്കെ ഉണ്ടാകും! അതിനിടയിൽ, നമുക്കുമൊരു സഹജീവിയുടെ പുഞ്ചിരിക്കുകാരണമാകേണ്ടേ?"" പ്രഭാഷകന്റെ വാക്കുകൾ തങ്ങളെ പുതിയൊരു പെരുന്നാൾ പുലരിയിലേക്ക് കൂട്ടികൊണ്ടുപോയൊരു അനുഭൂതിയാണ് സദസ്യർക്കു പകർന്നത്.