europe

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഏഷ്യൻ കുടിയേറ്റം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യയിൽ തന്നെ മലയാളികൾ ആണെന്ന് പറയാം. പ്ളസ്‌ടു കഴിയുമ്പോൾ പോലും വിവിധ കോഴ്‌സുകൾ പഠന വിഷയമായി തിരഞ്ഞെടുത്ത് യുവജനത യൂറോപ്പിലേക്ക് പറക്കുകയാണ്. വിവാഹമാർക്കറ്റിൽ പോലും ഇപ്പോൾ യൂറോപ്യൻ കുടിയേറ്റം മുൻഗണന നൽകുന്ന അവസ്ഥയിൽ എത്തിക്കഴിഞ്ഞു. എന്നാൽ പഠനത്തിന് ശേഷം എത്രപേർക്ക് മികച്ച ശമ്പളത്തോടെ അവിടെ ജോലി കിട്ടുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് വിദേശകാര്യ നിരൂപകനും കോൺഗ്രസ് റിസ‌ർച്ച് വിഭാഗം ചെയർമാനനുമായ ജെ.എസ് അടൂർ.

എഴുത്തിന്റെ പൂർണരൂപം-

''യൂറോപ്പിൽ സംഭവിക്കുന്നത്
കൊവിഡാനന്തരം മിക്കവാറും രാജ്യങ്ങളിൽ പൊതുകടം കൂടി. സ്വകാര്യ കടം കൂടി. സേവിംഗ് കുറഞ്ഞു. കൊവിഡ് പ്രതികരണത്തിന് സർക്കാരുകൾ ചിലവാക്കിയത് 8.3 ട്രില്യൻ ഡോളറാണ്. ഞാൻ ഏതാണ്ട് മുപ്പതു വർഷങ്ങളായി യൂകെ, യൂറോപ്പ്യൻ രാജ്യങ്ങളിൽ നിരന്തരം സഞ്ചരിക്കുകയും, പ്രവർത്തിക്കുകയും ഏതാണ്ട് അഞ്ചു വർഷത്തിൽ അധികം ജീവിക്കുകയും ചെയ്തയാളാണ്. അതു മാത്രമല്ല ജോലിയുടെ ഭാഗമായി യൂറോപ്പിലെയും യൂകെയിലെയും പൊളിറ്റിക്കൽ ഇക്കോണമി ട്രാൻസിഷൻസ് പഠിക്കുകയും ചെയ്യുന്നയാളാണ്. കഴിഞ്ഞ മൂന്നു ദിവസം മുമ്പ് ജർമനിയിലെ സർക്കാർ നിലംപതിച്ചത് കേരളത്തിലെ മാദ്ധ്യമങ്ങൾ അറിഞ്ഞു എന്നു പോലും തോന്നുന്നില്ല. യുറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇക്കോണമിയായ ജർമനിയും ഫ്രാൻസും രാഷ്ട്രീയ പ്രശ്നങ്ങളിലും അനശ്ചിതത്തിലേക്കും പോകുകയാണ്. യൂകെയിലെ രാഷ്ട്രീയവും കുഴഞ്ഞുമറിച്ചിലിനെ അതിജീവിച്ചിട്ടില്ല.


മുപ്പതു വർഷം മുമ്പ് കണ്ട ആത്മ വിശ്വാസവും സാമ്പത്തിക വികസനവും അല്ല ലോക മാർക്കറ്റിൽ സ്വാധീനമുള്ള യൂറോപ്പിൽ ഇപ്പോൾ കാണുന്നത്. മിക്കവാറും രാജ്യങ്ങളിൽ സ്റ്റാഗ്ഫ്ളഷൻ എന്ന അവസ്ഥയാണ്. ജീവിത ചിലവുകൾ വർദ്ധിക്കുന്നു. അതേസമയം ശമ്പളം അതിന് അനുസരിച്ചു വർദ്ധിക്കുന്നില്ല. അതുകൊണ്ട് ശരാശരി ആളുകളുടെ നെറ്റ് സേവിംഗ് കുറഞ്ഞു. ജോലിയുള്ളവർക്ക് തന്നെ കഷ്ടിച്ചു ജീവിക്കാമെന്ന അവസ്ഥയാണ്. പൊതുകടവും സ്വകാര്യകടവും കൂടി വരുന്നു. മൈഗ്രെഷൻ കൂടി വരുന്നത് തങ്ങളുടെ തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്നു ഗണ്യമായ ഒരു വിഭാഗം ചിന്തിക്കുന്നു.


പോസ്റ്റ് കൊവിഡ് സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയിൽ തീവ്ര വലതുപക്ഷ മൈഗ്രെഷൻ വിരുദ്ധ രാഷ്ട്രീയം മിക്കവാറും എല്ലാ രാജ്യങ്ങളിലും സജീവമാണ്. തിരെഞ്ഞെടുപ്പിൽ മിക്കവാറും യൂറോപ്പ്യൻ രാജ്യങ്ങളിൽ വലതുപക്ഷ സർക്കാരാണ്. നേതർലാൻഡ്, സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ പോലും വലതുപക്ഷമാണ്. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് സർക്കാർ അവിശ്വാസ പ്രമേയത്തിൽ വീണു. ഇനിയും ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വലതു പക്ഷ അലയിൻസിനാണ് സാദ്ധ്യത.


ഏഷ്യയിൽ മിക്കവാറും രാജ്യങ്ങളിൽ ഒക്ടോബർ-ഫെബ്രുവരിയാണ് ടൂറിസ്റ്റ് സീസൺ. ഏഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയ തായ്ലാൻഡിൽ ഇപ്പോൾ യൂറോപ്യൻ ടൂറിസ്റ്റുകളെ അധികം കാണുന്നില്ല. ഒരു കാലത്തു എവിടെ നോക്കിയാലും യുറോപ്യൻ യാത്രക്കാർ ആയിരുന്നു. ഇപ്പോൾ മഷിയിട്ട് നോക്കിയാൽ ഒന്നോ രണ്ടോ അവിടെയും ഇവിടെയും കാണാം. കഴിഞ്ഞ മാസങ്ങളിൽ ശ്രീലങ്കയിൽ പോയിട്ടും അതേ അവസ്ഥ. കഴിഞ്ഞ ആഴ്ചയിൽ നേപ്പാളിലും യൂറോപ്പ്യൻ യാത്രക്കാർ അധികമില്ല. ഡൽഹിയിലും അവസ്ഥ അതു തന്നെ. ഞാൻ താമസിച്ചിരുന്ന ഹോട്ടൽ മാനേജ്‌മെന്റുകളും ഇത് തന്നെ പറഞ്ഞു.


യൂറോപ്പിൽ ഉള്ളവർ ഇപ്പോൾ കൂടുതലും പോകുന്നത് അവരുടെ രാജ്യത്തിനു അടുത്ത ഡെസ്റ്റിനേഷനിലാണ്. കാരണം രണ്ടാണ്. അവരുടെ നെറ്റ് സേവിംഗ് കുറഞ്ഞു. വിമാനക്കൂലി കൂടി. യൂറോപ്യൻ ഡെസ്റ്റിനേഷനിൽ മിക്കവാറും ബജറ്റ് എയർ ലൈൻ, ട്രെയിൻ, കാർ ഉപയോഗിച്ച് യാത്ര ചെയ്യാം. താമസത്തിന് എയർ ബി ൻ ബി ക്ക് ആദായ വാടാകക്ക് വീടുകൾ കിട്ടും. വിന്റർ സമയത്തു അവർ കൂടുതൽ പോകുന്നത് സ്‌പെയിൻ,/ പോർുച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ്.


എന്റെ പല സുഹൃത്തുക്കളോടും ഏഷ്യയിൽ വരാത്തത് എന്താണ് എന്ന് ചോദിക്കുമ്പോൾ ''വെരി എക്സ്പീൻസിവ്. വി കാൻ നോ ലോങ്ങർ അഫോഡ് ഇറ്റ് '' എന്നാണ് മറുപടി. പണ്ട് കൊളോണിയൽ വെൽത്തിൽ അഭിരമിച്ച പല രാജ്യങ്ങളും ഇപ്പോൾ സാമ്പത്തിക പ്രശ്നത്തിലാണ്. കഴിഞ്ഞവർഷം യൂകെയേ കുറിച്ചു നടന്ന ഒരു സെമിനാറിൽ ഡിലാപ്പിലേറ്റെഡ് ഇക്കോണമി, പൊളിറ്റിക്സ് ആൻഡ് സോഷ്യൽ ഇൻഫ്രാസ്ട്രക്‌ചർ എന്നാണ് പറഞ്ഞത്. കഴിഞ്ഞ വർഷം യുകെയിൽ ആയിരുന്നപ്പോൾ റെയിൽ മിന്നൽ പണിമുടക്ക് കൊണ്ട് ഞാൻ ഉൾപ്പെടെ ഉള്ള യാത്രക്കാർ വലഞ്ഞു. എയർപോർട്ടിൽ പലപ്പോഴും ഒരു മണിക്കൂർ ഇമിഗ്രേഷൻ ക്ലിയറൻസിനു ഒരു മണിക്കൂർ ക്യൂ നിൽക്കണം. ഭക്ഷണ സാധാനങ്ങൾക്ക് വില കൂടി. എൻ എച് എസിൽ പലപ്പോഴും ഒരു അപ്പോയ്‌മെന്റ് കിട്ടാൻ ആഴ്ച്ചകളും ചിലപ്പോൾ മാസങ്ങളും കാത്തിരിക്കുന്നു.


മുപ്പതു വർഷം മുമ്പ് പരീസിലെ സി ഡി ജി എയർപോർട്ട് കണ്ടു ഞാൻ അതിശയിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ വർഷം അത് റൺ ഡൗൺ എയർപോർട്ട് ആയാണ് തോന്നിയത്. എലിയേയും പാറ്റയേയും കണ്ടു. ഇന്ന് ലോകത്തിലെ മികച്ച എയർപോർട്ടും എയർ ലൈനുകളും ഏഷ്യയിലാണ്. റഷ്യ - യുക്രൈൻ യുദ്ധം നീണ്ടു പോകുന്നു. ഇന്നത് രണ്ടു ചെരികളായി തിരിഞ്ഞുള്ള യുദ്ധമായി പരിണമിച്ചു. അതു പോലെ ഇസ്രായേൽ സാധാരണ ക്വിക്ക് ആൻഡ് ഡേർട്ടി വാറിനു പകരം പ്രോലോങ്ങ്ഡ് ആയ അഗ്രെസ്സിവ് യുദ്ധ മോഡിലാണ്. അതു ഇറാൻ, ലെബനോൻ, സിറിയ, പലസ്റ്റീൻ എല്ലാത്തിനെയും ബാധിക്കുന്ന അവസ്ഥയിൽ. സിറിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയശക്തികൾ പിടിച്ചെടുത്തു.
യൂറോപ്യൻ എയ്ഡ് കുറഞ്ഞു. അതിൽ ഗണ്യമായ ഭാഗം ഉക്രൈൻ അഭയാർത്ഥികൾക്ക് ചിലവാക്കി. പൊതുവേ ഫണ്ട് കുറഞ്ഞു. അതേ സമയം ചൈനീസ് ഫണ്ട് കൂടി.


ഇന്ത്യയിൽ നിന്നും സൗത്ത് ഏഷ്യയിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് യൂകെ, യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ പോകുന്നത്. അതിന് ഒരു കാരണം വിദ്യാഭ്യാസ ബിസിനസ് ഈ രാജ്യങ്ങളിലേക്ക് ഏഷ്യയിൽ നിന്ന് കൊണ്ടു വരുന്ന പണമാണ്. മിക്കവാറും പേര് ലോൺ എടുത്തു ഇവിടെ നിന്നും പൈസ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്യുന്നതും, അവിടെ പൈസ ചിലവാക്കി ജീവിക്കുന്നതും അവിടുത്തെ ക്ഷീണിച്ച ഇക്കൊണമിക്ക് അല്പം ആശ്വാസം നൽകും.


പക്ഷേ പഠിക്കാൻ പോകുന്നു പലർക്കും അതുകഴിഞ്ഞ് കിട്ടുന്ന ജോലി ഇക്കോണമിയുടെ താഴെത്തട്ടിലാണ്. കഷ്ട്ടിച്ചു ജീവിക്കാം. പഠനം കഴിഞ്ഞ് വർഷം അമ്പതിനായിരം യൂറോ / പൗണ്ടിൽ കൂടുതൽ വാർഷിക ശമ്പളം കിട്ടുന്നവർ ചുരുക്കം. ഒരുപാട് പേർക്ക് ജോലി കിട്ടുന്നില്ല.
യൂറോപ്പിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് ഒരു കാരണം അവിടെയുള്ളവരിലുള്ള സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെ (യുഎസ്, ഇന്ത്യ, പലയിടത്തും അതു തന്നെ അവസ്ഥ ).അവിടെ എല്ലായിടത്തും ഇസ്ലോമോഫോബിയ മാത്രം അല്ല പൊതുവെ ആന്റി ഇമിഗ്രാന്റ് രാഷ്ട്രീയം കൂടുതൽ ശക്തമാകുകയാണ്. ഇപ്പോൾ ലക്ഷകണക്കിന് സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസ റൂട്ട് വഴി മൈഗ്രെറ്റ് ചെയ്യുന്നവർക്കെതിരെ യുറോപ്പിലും യൂകെയിലുമൊക്കെ കാലക്രമത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാകാം. കാരണം അവിടുത്തെ യുവാക്കൾക്ക് ജോലി കിട്ടാതെയാകുമ്പോൾ ആദ്യം തിരിയുന്നത് സൗത്ത് ഏഷ്യക്കാർക്കെതിരെയാകും.


ഇവിടുത്തെ അരക്ഷിതാവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം നേടി സുഖമായി ജീവിക്കാനാണ് പലരും മൈഗ്രേറ്റ് ചെയ്യുന്നത്. പക്ഷേ പലപ്പോഴും പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.അതു പോലെ ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച. അവിടെ ചെല്ലുമ്പോൾ ഇക്കരെ പച്ച. എന്തായാലും മിന്നുന്നതെല്ലാം പൊന്നല്ലന്ന എന്ന അവസ്ഥയാണ് എല്ലായിടത്തും.''
ജെ എസ്‌