
വാഷിംഗ്‌ടൺ: ആദ്യടേമിലേതുപോലെ സമാധാനപ്രിയനായ പ്രസിഡന്റായിരിക്കില്ല രണ്ടാമത്തെ ടേമിൽ താനെന്ന് പറയാതെ പറഞ്ഞ് വീണ്ടും ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം ഇന്ത്യയ്ക്കും കാനഡയ്ക്കും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു. കാനഡയെ അമേരിക്കയുടെ ഒരു സംസ്ഥാനമാക്കണമെന്നാണ് ഒടുവിൽ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. കാനഡ അമേരിക്കയിലെ 51-ാമത് സംസ്ഥാനമാകുന്നത് മികച്ച ആശയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
'കനേഡിയൻ പൗരന്മാരിൽ കൂടുതലും കാനഡ അമേരിക്കയിലെ ഒരു സംസ്ഥാനമാകണമെന്ന അഭിപ്രായക്കാരാണ്. അതൊരു മികച്ച ആശയമാണ്. അങ്ങനെ ചെയ്താൽ പല കാര്യങ്ങളിലും അവർക്ക് ചെലവ് ഭീമമായി കുറയ്ക്കാൻ കഴിയും'- ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ട്രംപ് ഇത്തരമൊരു ആവശ്യം പരസ്യമായി ഉന്നയിക്കുന്നത് ആദ്യമായല്ല. എന്നാൽ അതിർത്തിയിലെ പ്രശ്നങ്ങളും മയക്കുമരുന്ന് കടത്തുമുൾപ്പെട കാനഡയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഇപ്പോഴത്തെ അഭിപ്രായപ്രകടനം പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാനഡയുടെ ഗവർണർ എന്ന് സോഷ്യൽമീഡിയ പോസ്റ്റുകളിൽ ട്രംപ് ആവർത്തിച്ച് പരാമർശിക്കുന്നുമുണ്ട്.
തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ട്രംപിനെ ട്രൂഡോ സന്ദർശിക്കുകയും ഒന്നിച്ച് അത്താഴം കഴിക്കുകയും ചെയ്തിരുന്നു. ഇതിനുശേമാണ് ട്രൂഡോയെ പരിഹസിച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. 'കഴിഞ്ഞദിവസം ഗ്രേറ്റ് സ്റ്റേറ്റ് ഒഫ് കാനഡയുടെ ഗവർണർ ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം അത്താഴം കഴിച്ചത് സന്തോഷകരമായിരുന്നു. താരിഫുകളും വ്യാപാരവും സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾ നടന്നു. ചർച്ചകൾ തുടരാൻ ഗവർണറെ വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്റെ ഫലങ്ങൾ എല്ലാവരെയും അതിശയിപ്പിക്കുന്നതായിരിക്കും'- എന്നാണ് ട്രംപ് കുറിച്ചത്.
കാനഡയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇരുപത്തഞ്ചുശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പുനൽകിയിരുന്നു. അത്തരമൊരു തീരുമാനമെടുത്താൽ കാനഡ തകരുമെന്ന് ട്രൂഡോ പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ അമേരിക്കയിലെ ഒരു സംസ്ഥാനമാക്കൂ എന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. അതിനുശേഷമാണ് കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് ട്രംപ് ആവർത്തിക്കാൻ തുടങ്ങിയത്.അടുത്തിടെ നടന്ന ഒരു പൊതുജനാഭിപ്രായ സർവേയിൽ പങ്കെടുത്ത പതിമൂന്നുശതമാനം കാനഡക്കാരും രാജ്യം അമേരിക്കയോട് ചേർക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതും ട്രംപിന് ഊർജം നൽകി എന്നാണ് കരുതുന്നത്. ട്രൂഡോയുടെ കടുത്ത വിമർശകനായ ഇലോൺ മസ്ക് ട്രംപിന്റെ അടുപ്പക്കാരനാണ്. ട്രൂഡോ ഭരണത്തിന്റെ അവസാനമടുത്തു എന്നനിലയിൽ മസ്ക് അടുത്തിടെ ചില പരാമർശങ്ങൾ നടത്തിയിരുന്നു.
എന്നാൽ ട്രംപിന്റെ പരാമർശത്തെ അങ്ങേയറ്റത്തെ അപമാനമായാണ് കാനഡ കണക്കാക്കുന്നത്. ഇത് തമായശല്ല.അപമാനമാണ്. നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൂടിയാണ് ഇത് എന്നാണ് കനേഡിയൻ അധികൃതർ പറയുന്നത്. എന്നാൽ ബലംപ്രയോഗിച്ചുൾപ്പെടെ കാനഡയെ അമേരിക്കയോട് ചേർക്കുന്നത് അത്ര എളുപ്പമാകില്ലെന്നാണ് വിദേശകാര്യ വിദഗ്‌ദ്ധർ പറയുന്നത്.