
ബ്രിസ്ബേൻ: അനിൽ കുംബ്ളെയ്ക്കും ഹർഭജൻ സിംഗിനും ശേഷം ഇന്ത്യൻ സ്പിന്നിനെ ആരുനയിക്കും എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ അശ്വിന്റെ വിരമിക്കൽ ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അശ്വിന് പിന്നാലെ കൂടുതൽ മുതിർന്ന താരങ്ങൾ വിരമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ജൂൺ- ജൂലായിൽ നടക്കുന്ന ഇംഗ്ളണ്ട് പര്യടനത്തോടെ ഇതിന് തുടക്കമാവുമെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ - ഗവാസ്‌കർ ട്രോഫി മത്സരമാണ് ഈ വർഷത്തെ ഇന്ത്യയുടെ അവസാന റെഡ് ബോൾ മത്സരം. ഇന്ത്യയുടെ 'ഒജി തലമുറ' എന്ന് അശ്വിൻ വിശേഷിപ്പിച്ച താരങ്ങൾക്കും ഇത് അവസാന മത്സരമായേക്കാമെന്നാണ് സൂചന.
2012നും 2013നും ഇടയിൽ രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വി വി എസ് ലക്ഷ്മൺ എന്നിവർ ഒന്നിനുപുറകെ ഒന്നായി കളിക്കളത്തിന് ഗുഡ്‌ബൈ പറഞ്ഞപ്പോൾ സമാനമായ ഒരു മാറ്റത്തിലൂടെ കടന്നുപോവുകയായിരുന്നു ഇന്ത്യൻ ടീം. പിന്നീട് വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം അശ്വിനും ചേർന്ന് മറ്റൊരു ശക്തമായ സഖ്യത്തെ പടുത്തുയർത്തുകയായിരുന്നു. നിലവിലെ ഇന്ത്യൻ ടീമിൽ അടുത്ത പരിവർത്തനത്തിന് തുടക്കമിടുന്നവരിൽ ആദ്യത്തെയാളായിരിക്കും അശ്വിൻ എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
അനിൽ കുംബ്ളെയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരമാണ് രവിചന്ദ്രൻ അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്നലെ ബ്രിസ്ബേനിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് വാർത്താസമ്മേളനത്തിൽ താരം പ്രഖ്യാപിച്ചത്. പരമ്പരയിൽ രണ്ട് മത്സരങ്ങൾകൂടി ശേഷിക്കവേയാണ് 38കാരനായ അശ്വിൻ 14വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത്.