
ബെർലിൻ: ഉയർന്ന നിലവാരത്തിലുളള വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതനിലവാരവും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പോകുന്നത് യുഎസിലും യുകെയിലുമാണെന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഠനത്തിനായി മാത്രം വിദേശരാജ്യങ്ങളിലേക്ക് പോയവർ ജോലി നേടി ആ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുകയാണ് പതിവ്. യുകെയ്ക്കും യുഎസിനും പിന്നാലെ മറ്റുപല രാജ്യങ്ങളും വിദേശ വിദ്യാർത്ഥികളെ ആകർഷിപ്പിക്കുന്ന തരത്തിലുളള പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്.
മാൾട്ട, സിങ്കപ്പൂർ, ദുബായ്, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളും വിദേശ വിദ്യാർത്ഥികളെ ക്ഷണിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലുളള വിസ നടപടികൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, ജീവിതനിലവാരം,ട്യൂഷൻ ഫീസ് തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിപ്പിക്കുന്ന തരത്തിലാണ്. ഇപ്പോഴിതാ ചില വിദഗ്ദരുടെ അഭിപ്രായപ്രകാരം വർഷങ്ങളായി മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന രാജ്യമായി ജർമ്മനി മാറിയിരിക്കുകയാണ്. ഇവിടെയുളള പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസിനത്തിൽ പണം അടയ്‌ക്കേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ.
ജർമ്മനിയിലേക്ക് പഠിക്കാനായി എത്തുന്നവർ അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് മാത്രം അടച്ചാൽ മതി. ഇന്ത്യയിൽ നിന്നുളള വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുളള ഗവേഷണം അടിസ്ഥാനമാക്കിയുളള വിദ്യാഭ്യാസത്തിനുളള അവസരമാണ് ഒരുക്കുന്നതെന്ന് ഐസ്‌കൂൾ കണക്ടിറ്റിന്റെ കോ ഫൗണ്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ വൈഭവ് ഗുപ്ത ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ഇവിടത്തെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒരു സെമസ്റ്ററിൽ ഈടാക്കുന്ന നോമിനൽ ഫീസ് 20,000 രൂപയാണ്.
ഈ രാജ്യങ്ങളിൽ എൻവിയോൺമെന്റൽ എഞ്ചിനീയറിംഗ്,എർത്ത് അറ്റ്മോസ്ഫിയറിക് ആൻഡ് പ്ലാനറ്റേറി സയൻസസ്, ആസ്‌ട്രോഫിസിക്സ്, ബയോടെക്‌നോളജി, എർത്ത് സയൻസസ്, തുടങ്ങിയ നിരവധി കോഴ്സുകൾ ഉണ്ടെന്ന് അദീന എജ്യൂക്കേഷന്റെ കോ ഫൗണ്ടർ രാഹുൽ സുബ്രഹ്മണ്യനും പറഞ്ഞു. അതേസമയം, യുഎസിലേയും യുകെയിലേയും ഫീസ് നിലവാരവും ചർച്ചയാകുന്നുണ്ട്.
യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിതമായ നിരക്കിലുളള ഫീസുകളാണ് ഈടാക്കുന്നത്. വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എസ്‌ഐ ഗ്ലോബൽ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ലക്ഷ്മി അയ്യർ പറയുന്നത് ഇവിടെ ബിരുദാനന്തര കോഴ്സുകൾ ചെയ്യുന്നതിന് പ്രതിവർഷം 18,000 മുതൽ 65000 ഡോളർ (16.5 മുതൽ 53.6 ലക്ഷം) വരും. ബിരുദത്തിന് ഏകദേശം 15,000 മുതൽ 50,000 ഡോളർ(12.5 മുതൽ 41 ലക്ഷം) വരെ ചെലവാകുമെന്നാണ് പറയുന്നത്.