watermelon

നിരവധി പോഷകഗുണങ്ങൾ ഉള്ള പഴമാണ് തണ്ണിമത്തൻ. ചില സ്ഥലങ്ങളിൽ ഇതിന് വത്തക്ക എന്നും വിളിക്കാറുണ്ട്. ഏത് സീസണായാലും തണ്ണിമത്തൻ ആളുകൾക്ക് പ്രിയപ്പെട്ടതാണ്. ഇതിൽ വെള്ളത്തിന്റെ അളവ് വളരെ കൂടുതലും കലോറി വളരെ കുറവുമാണ്.

അതിനാൽ തണ്ണിമത്തൻ എപ്പോഴും വീടുകളിൽ വാങ്ങാറുണ്ട്. എന്നാൽ തണ്ണിമത്തൻ വാങ്ങുമ്പോൾ ശരിയായവ തിരഞ്ഞെടുക്കുന്നതാണ് നാം നേരിടുന്ന പ്രധാന പ്രശ്നം. വിപണിയിൽ കൂടുതലായി മരുന്നടിച്ച് പഴുപ്പിച്ച തണ്ണിമത്തനാണ് എത്തുന്നത്. ഇത് ശരീരത്തിന് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. പഴുത്ത നല്ല തണ്ണിമത്തനെ തിരഞ്ഞെടുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

രണ്ടുതരത്തിലുള്ള തണ്ണിമത്തനാണ് മാർക്കറ്റിൽ കൂടുതലായി കാണുന്നത് നീളമുള്ളതും ഉരുണ്ടതും. ഇതിൽ ഏറ്റവും നല്ലത് ഉരുണ്ടതാണ്. ഇതിനാണ് മധുരവും രുചിയും കൂടുതൽ ഉണ്ടാകുക. എന്നാൽ കൂടുതൽ വെള്ളമുണ്ടാവുന്നത് നീളമുള്ള തണ്ണിമത്തനിലാണ്. പക്ഷേ ഇതിന് രുചി കുറവായിരിക്കും. നന്നായി പഴുത്ത തണ്ണിമത്തന്റെ തോട് നല്ല ഇരുണ്ട പച്ചനിറമായിരിക്കും. മാത്രമല്ല ഇവ പരുക്കനുമാവും.

ഇനി പുറം തോടിൽ ഓറഞ്ച് കളർ പോലെയുള്ള കുത്തുകളുണ്ടെങ്കിൽ ഇവയും പഴുത്തതായിരിക്കും. കുത്തുകൾ വെള്ള നിറത്തിലുള്ളവയാണെങ്കിൽ ഇവ പഴുത്തിട്ടുണ്ടാവില്ല. മാത്രമല്ല രുചിയും കുറവായിരിക്കും. നിറയെ പാടുകളുള്ള തൊലിയോടുകൂടിയയുള്ള തണ്ണിമത്തൻ കൂടുതൽ മധുരമുള്ളവയാണ്. ഉടനെ കഴിക്കാൻ പഴുത്തത് വാങ്ങുന്നതാണ് നല്ലത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് കഴിക്കാനാണെങ്കിൽ ഒരുപാട് പഴുത്ത തണ്ണിമത്തൻ വാങ്ങരുത്. കൂടാതെ തണ്ണിമത്തൻ ഒന്ന് മണത്തുനോക്കുക. ചെറുതായൊരു സ്വീറ്റ് മണം ലഭിക്കുകയാണെങ്കിൽ ധൈര്യമായി വാങ്ങാം.