g-mohan

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തെ മുൻനിറുത്തി നടത്തിയ ഒരു പോസ്റ്റ് പോൾ സർവേയുടെ വിശകലനത്തിലെ ചില പരാമർശങ്ങൾ ഈഴവ - തീയ്യ സമുദായത്തെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ്. ഈഴവരെ മൊത്തത്തിൽ തെങ്ങുകയറ്റക്കാർ എന്ന് സർവേയിൽ പറഞ്ഞിരിക്കുന്നതിനു പിന്നിൽ പഴയ വർണാശ്രമ വ്യവസ്ഥ ഇപ്പോഴും പിന്തുടരാനുള്ള ചിലരുടെ ശ്രമമാണ്

................................

വാസ്തവ വിരുദ്ധവും അപകീർത്തികരവുമായ സംഗതികൾ പെരുമ്പറ കൊട്ടും പോലെ കൊട്ടി ചില ജനവിഭാഗങ്ങളെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നത് പഴയ മാടമ്പി കാലത്തിന്റെ ഒരു സ്വഭാവമായിരുന്നു. ഈ ആധുനിക കാലത്തും ആ പഴയ ദുഷ്ടിന്റെ രോഗാണുക്കൾ സമൂഹത്തിന്റെ സിരാപടലങ്ങളിൽ സജീവതയോടെ നുഴയുന്നു എന്നത് ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തെ മുൻനിറുത്തി നടത്തിയ ഒരു പോസ്റ്റ് പോൾ സർവേയുടെ വിശകലനം ദേശീയ ഇംഗ്ളീഷ് ദിനപത്രമായ 'ദ ഹിന്ദു" 2024 ജൂൺ 9-ന് പ്രസിദ്ധീകരിച്ചിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ദ സ്റ്റഡി ഒഫ് ഡെവലപിംഗ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) എന്ന പഠന കേന്ദ്രമാണ് സർവേ നടത്തിയത്. ഈ സർവേയിലെ കണ്ടെത്തലുകൾ എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന വിശകലനത്തിലെ ചില പരാമർശങ്ങൾ കേരളത്തിലെ ഈഴവ - തീയ്യ സമുദായത്തെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റ് നടത്തിയ പരിശോധനയിൽ ബോദ്ധ്യപ്പെടുകയുണ്ടായി.

ഈഴവ സമുദായത്തെ മൊത്തത്തിൽ തെങ്ങുകയറ്റക്കാർ (TODDY TAPPERS)എന്നാണ് സർവേയിൽ പറഞ്ഞിരിക്കുന്നത്. ബ്രാഹ്‌‌മണർ, നായർ, വേലൻ, തണ്ടാൻ, പുലയ, പറയ, കുറവ സമുദായങ്ങളെ അവരുടെ സമുദായങ്ങളുടെ പേരിൽത്തന്നെ പരാമർശിക്കുകയും,​ ഈഴവ - തീയ്യ സമുദായത്തിന്റെ കാര്യം പറയുമ്പോൾ തെങ്ങുകയറ്റക്കാർ എന്ന പ്രയോഗവും ഈഴവർ എന്ന സമുദായ നാമവും ഒരേ അർത്ഥമുള്ള വാക്കുകളെന്ന നിലയിൽ മാറിയും തിരിഞ്ഞും ആവർത്തിക്കുകയും ചെയ്യുന്നു. കേരളത്തിൽ ഈഴവ സമുദായത്തിലെന്ന പോലെ മറ്റു ചില സമുദായങ്ങളിലുള്ളവരും തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. ഏതു സമുദായത്തിലുള്ളവരായാലും സത്യസന്ധമായ ജീവിതസന്ധാരണത്തിന് കഠിനാദ്ധ്വാനം ആവശ്യപ്പെടുന്ന തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കുന്നതിൽ അഭിമാനക്കുറവ് തോന്നേണ്ട കാര്യമൊന്നുമില്ല.

വസ്തുതയും

ദുരുദ്ദേശ്യവും

എന്നാൽ,​ കേരളത്തിൽ വ്യവസ്ഥാനുസൃതമായി നടത്തിയിട്ടുള്ള സെൻസസ് രേഖകർ പരിശോധിച്ചാൽ ഈഴവ സമുദായത്തിലെ വളരെ ചെറിയൊരു ശതമാനം മാത്രമായിരുന്നു തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിരുന്നത് എന്ന വസ്‌തുത കണ്ടെത്താനാകും. ഈഴവ ജനസംഖ്യയിലെ 7.4 ശതമാനം പേർ മാത്രമാണ് തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിരുന്നവർ എന്നാണ് 1881-ൽ നടത്തിയ ട്രാവൻകൂർ സെൻസസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജാതി തിരിച്ച് നടത്തിയ അവസാനത്തെ സെൻസസ് ആയ 1931-ലെ സെൻസസിൽ,​ തെങ്ങുകയറ്റം തൊഴിലാക്കിയ ഈഴവരുടെ ശതമാനം 3.8 ആയി കുറഞ്ഞു. 2023-ൽ കേരളത്തിൽ തെങ്ങുകയറ്റം ഉപജീവനമാർഗമാക്കിയവരുടെ എണ്ണം 15,000 ആണെന്നാണ് ഈ വിഷയത്തിൽ ഏറ്റവും ഒടുവിൽ നടന്ന ഒരു പഠനം കണ്ടെത്തിയത്. ഇവരെല്ലാവരും ഈഴവരാണെന്ന് കണക്കാക്കിയാൽപ്പോലും അത് ഈഴവ സമുദായത്തിന്റെ മൊത്തം ജനസംഖ്യയുടെ എത്ര അംശം വരും?​

അങ്ങനെ വരുമ്പോൾ 2024-ൽ നടത്തിയ പോസ്റ്റ് പോൾ സർവേയിൽ ഈഴവരെല്ലാം തെങ്ങുകയറ്റക്കാരാണെന്ന വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ പരാമർശം നടത്തിയിരിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും?​ആയു‌‌ർവേദം,​ കയർ വ്യവസായം,​ ബേക്കറി ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയ, വൈവിദ്ധ്യമാർന്ന കർമ്മ മേഖലകളിൽ വ്യാപരിച്ചിരുന്ന ഒരു വിഭാഗമാണ് ഈഴവ- തീയ്യ സമുദായം. ഏതെങ്കിലും ഒരു തൊഴിലിനെ മാത്രം അടിസ്ഥാനപ്പെടുത്തി അവരെ നിർവചിക്കാനാവില്ല. ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ഈ സമുദായത്തെ മൊത്തത്തിൽ തെങ്ങുകയറ്റക്കാർ എന്നു വിശേഷിപ്പിച്ചത് ഈ സമുദായത്തിന്റെ പദവിയെ സമൂഹമദ്ധ്യത്തിൽ മനഃപൂർവം ഇടിച്ചുതാഴ്‌‌ത്താൻ വേണ്ടിയാണെന്ന് കരുതണം.

വർണവ്യവസ്ഥ

പിന്തുടരുന്നവർ

തൊട്ടുകൂടാത്തവരാണ് ഈഴവർ എന്ന വർണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പുലർത്തുന്ന മനോഭാവം ഇപ്പോഴും പിന്തുടരാനുള്ള ശ്രമമാണ് ഈ പരാമർശത്തിനു പിന്നിലെ ചേതോവികാരം. ജാത്യഭിമാനത്തിന്റെ മുൻവിധിയിൽ ഊന്നിയതാണ് ഈ പ്രയോഗം. സി.എസ്.ഡി.എസ് അവരുടെ സർവേയിൽ നിന്ന് ഇത് പിൻവലിക്കുകയും തുടർന്ന് ഉപയോഗിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. കേരളത്തിൽ 24 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിട്ട 65 ഈഴവ - തീയ്യ അംഗങ്ങളോടാണ് ഇവർ വിവരങ്ങൾ ആരാഞ്ഞത്. കേരളത്തിൽ ആകെ 25,177 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. അതായത്,​ ഇവരുടെ സർവേ 0.09 ശതമാനം പോളിംഗ് സ്റ്റേഷനുകളിൽ മാത്രമാണ് നടന്നത്. അതും,​ വടകര, മലപ്പുറം, ആലത്തൂർ, എറണാകുളം, മാവേലിക്കര, ആറ്റിങ്ങൽ എന്നീ ആറ് പാർലമെന്റ് മണ്ഡലങ്ങളിൽ മാത്രം!

ഈ സർവേയുടെ പേരിൽ ഈഴവ സമുദായത്തിന്റെ ചിന്താഗതി സംബന്ധിച്ച് വിചിത്രമായ അനുമാനങ്ങളാണ് അവർ അവതരിപ്പിക്കുന്നത്. പാരമ്പര്യമായി ഇടതുപക്ഷത്തെ തുണയ്ക്കുന്ന ഈഴവ സമൂഹം ബി.ജെ.പിയെ സഹായിക്കുന്ന നിലയിലേക്കു മാറിയെന്ന് സ്ഥാപിക്കുന്നതിന് 32 ശതമാനം പേർ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പറയുന്നു. എന്നാൽ സർവേയിൽ പങ്കെടുത്ത 65 ഈഴവ - തീയ്യർ ഉൾപ്പെടെ 666 വ്യക്തികളിൽ ഒരേയൊരു ആളാണ് ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണിയിലെ മാവേലിക്കര മണ്ഡലത്തിൽ മത്സരിച്ച,​ ഈഴവർക്ക് പ്രാമുഖ്യമുള്ള പാർട്ടിയായ ബി.ഡി.ജെ.എസിന് വോട്ട് ചെയ്തത്. ബി.ജെ.പിക്ക് അനുകൂലമായ ഒരു തരംഗം ഈഴവ സമുദായത്തിൽ ഉണ്ടായി എന്നു സ്ഥാപിക്കാൻ ഇത് പര്യാപ്‌തമല്ല.

രാഷ്ട്രീയസൂചന

മഹാ അബദ്ധം

ഇത്തരം അബദ്ധങ്ങൾക്കും അടിസ്ഥാനരഹിതമായ അനുമാനങ്ങൾക്കുമപ്പുറം 'ഇസ്ളാമോഫോബിയ" ശരിയാണെന്നു വിശ്വസിക്കുന്നവർക്ക് അനുകൂലമായി വോട്ടിടുന്നവരായി ഈഴവ സമൂഹം മാറുന്നു എന്ന 'ഹിന്ദു" പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ള തെറ്റായ സൂചന,​ കാലാകാലങ്ങളായി ഈഴവ - മുസ്ളിം വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ദൃഢമായ സാഹോദര്യത്തിനും ഐക്യത്തിനും തുരങ്കംവയ്ക്കാനുള്ള സാദ്ധ്യത സൃഷ്ടിക്കുന്നു. ഈഴവ - മുസ്ളിം വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് ഗുരുദേവൻ എന്നും പ്രഥമ പരിഗണന നൽകിയിരുന്നു എന്ന വസ്‌തുതയും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

ഈഴവ സമുദായത്തെ സംബന്ധിച്ച് തെറ്റായ നിഗമനങ്ങളും അപകീർത്തികരമായ പരാമർശങ്ങളും നടത്തിയതിന് തിരുത്തൽ ആവശ്യപ്പെട്ട് അഞ്ചു മാസങ്ങൾക്ക് മുമ്പ് ഞാൻ 'ഹിന്ദു"വിന് മറുകുറി അയച്ചിരുന്നു. ഇതിനു മറുപടി നൽകി പ്രതികരിക്കാത്തതിന് 'ഹിന്ദു" പത്രത്തെ വിമർശിച്ചുകൊണ്ട് കൊൽക്കത്തയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'ടെലഗ്രാഫ്" എന്ന ഇംഗ്ളീഷ് പത്രത്തിൽ എഡിറ്റർ ആർ. രാജഗോപാൽ 2024 ഡിസംബർ 6-ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈഴവ സമൂഹം തെങ്ങുകയറ്റക്കാരുടെ മാത്രം ഒരു ജാതിയാണെന്നുള്ള നുണ നിലനിറുത്താനുള്ള ജാത്യഭിമാനക്കാരുടെ ഇത്തരം മസ്‌തിഷ്‌ക ശ്രമങ്ങൾക്ക് തിരശ്ശീലയിടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

(സുപ്രീംകോടതിയുടെ ദേശീയ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് ചെയർപേഴ്സണുമാണ് ലേഖകൻ)