motta

തൃശൂർ: തലമൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബളിൽ അംഗങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. ഗായകൻ അലോഷി അംഗത്വം എടുത്തതോടെയാണ് അംഗങ്ങൾ ആയിരമായത്. 27 രാജ്യങ്ങളിൽ നിന്നുള്ള 999 മൊട്ടകൾ ഹർഷാരവങ്ങളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. വളരെ പുതുമയുള്ള ആശയമാണിത്,ആത്മവിശ്വാസം നിറഞ്ഞ ഒരു കൂട്ടം ആളുകളുടെ ഈ കൂട്ടായ്മയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അലോഷി പറഞ്ഞു.

നാലുമാസം മുമ്പാണ് മൊട്ട ഗ്ലോബൽ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്.പിന്നീട് വിപ്ലവകരമായ വളർച്ചയായിരുന്നു. സംഘടന നേതൃത്വം നൽകിയ 'സ്റ്റോപ്പ് ബോഡി ഷെയിമിംഗ് ' ക്യാമ്പയിൻ ഏറെ ജനശ്രദ്ധ നേടിയിരുന്നു.പ്രശസ്തമായ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് റണ്ണിൽ പങ്കാളികളായും മൊട്ട ഗ്ലോബൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മനുഷ്യന്റെ മാനസികവും ശാരീരികവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനുവേണ്ടി
പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മൊട്ട ഗ്ലോബൽ എന്ന് സംഘടനയുടെ പ്രസിഡണ്ടും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.

motta1

കഷണ്ടിക്കാർക്ക് നോ എൻട്രി

മൊട്ടത്തലയന്മാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വമെടുക്കാൻ അവസരമുള്ളത്. അതായത് കഷണ്ടിക്കാർക്ക് പ്രവേശനം ഇല്ലെന്ന് അർത്ഥം. തല സ്ഥിരമായി ഷേവുചെയ്യുന്നവരെ മാത്രമാണ് സംഘടനയിൽ അംഗമാക്കുന്നത്. കഷണ്ടിക്കാരല്ലാതെ തന്നെ ഇങ്ങനെ ചെയ്യുന്നവർ കേരളത്തിൽ തന്നെ ഒത്തിരിയുണ്ടെന്നാണ് സജീഷ് പറയുന്നത്. അപാരമായ ആത്മവിശ്വാസമുളള ഒരാൾക്കുമാത്രമേ മൊട്ടയടിക്കാൻ കഴിയൂ. അങ്ങനെയുള്ള മൊട്ടയെ സമൂഹത്തിൽ ശിരസുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

സ്ഥിരമായി തല ഷേവുചെയ്യാൻ തയ്യാറാണെങ്കിൽ സ്ത്രീകൾക്കും അംഗങ്ങളാവാം. ഇപ്പോൾ സ്ത്രീകളും ട്രാൻസ്‌ജെൻഡർമാരും അംഗങ്ങളല്ല. തല ഷേവുചെയ്യണമെങ്കിലും അംഗങ്ങൾക്ക് താടി ആവോളം വളർത്താം. അതിന് ഒരു പ്രശ്നവുമില്ല.

നിരവധി സിനിമാ താരങ്ങൾ മൊട്ടത്തലയന്മാരുടെ സംഘടനയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. ഇനിയും കൂടുതൽ സെലിബ്രിറ്റികൾ പിന്തുണയുമായി രംഗത്തുവരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.