mukesh-bhuvaji

അഹമ്മദാബാദ്: സർക്കാർ ആശുപത്രിയിലെ ഐസിയുവിനുള്ളിൽ മന്ത്രവാദം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. അഹമ്മദാബാദ് സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലാണ് മുകേശ് ഭുവാജി എന്നയാൾ മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സാധാരണ ടീഷർട്ടും പാന്റും ധരിച്ച് മാസ്‌ക് അണിഞ്ഞ് മുകേശ് അത്യാഹിത വിഭാഗത്തിലെ രോഗിയെ സന്ദർശിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് ഇയാൾ ഐസിയുവിനുള്ളിലെത്തി മന്ത്രവാദ പ്രവൃത്തികൾ ചെയ്യുന്നത് കാണാം. ഡോക്‌ടർമാർക്ക് രോഗിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും തന്റെ മന്ത്രങ്ങളും ക്രിയകളുമാണ് ആരോഗ്യം വീണ്ടെടുത്തതെന്നും ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനുപിന്നാലെ വീട്ടിലെത്തിയ രോഗിയുടെ ബന്ധുക്കൾ മുകേശിനോട് നന്ദി പറയുകയും ചെയ്തു.

ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ അഹമ്മദാബാദ് സർക്കാർ ആശുപത്രി സൂപ്രണ്ട് രാകേശ് ഷാ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഐസിയുവിലെ രോഗി സുഖപ്പെടാൻ കാരണം മന്ത്രവാദമാണെന്നത് അന്ധവിശ്വാസമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാവുമെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋിഷികേശ് പട്ടേൽ വ്യക്തമാക്കി. ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സർക്കാർ ആശുപത്രിയിൽ അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.