v-d-satheesan

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് ഡിജിപി റാങ്ക് നൽകാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതര ആരോപണങ്ങളും അതിന്‍മേല്‍ അന്വേഷണവും നേരിടുന്ന എഡിജിപി എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് വി ഡി സതീശൻ വിമർശിച്ചു.

'മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിന് പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നല്‍കുന്നതിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിർപ്പുയർന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. പിണറായി വിജയന്റെ ദൂതനായാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അജിത് കുമാര്‍ എഡിജിപി പദവിയിലിരുന്ന് ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പിണറായി വിജയന് വേണ്ടിയായിരുന്നു എന്നത് അടിവരയിടുന്നതു കൂടിയാണ് ഡിജിപി സ്ഥാനം'- എന്നാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്.

ഒഴിവുവരുന്ന മുറയ്ക്ക് എഡിജിപിമാരായ എം ആർ അജിത് കുമാറിനും എസ്‌പിജിയിൽ ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനും ഡിജിപി റാങ്ക് നൽകാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായത്. ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള പരിശോധനാ സമിതിയുടെ ശുപാർശയാണ് അംഗീകരിച്ചത്. നിലവിൽ ബറ്റാലിയൻ എഡിജിപിയാണ് അജിത് കുമാർ. എസ്‌പിജിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഫെബ്രുവരിയിൽ സുരേഷ് രാജ് പുരോഹിത് തിരിച്ചെത്തും. 1995 ബാച്ചിൽ പെട്ട ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും.