
മിക്ക വീട്ടുകാരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് ബാത്ത്റൂമുകളിലെ ദുർഗന്ധം. പെട്ടെന്ന് ഒരു അതിഥിയോ മറ്റോ വന്നാൽ ഇതുമൂലം നാണം കെടുകയും ചെയ്യും. ഈ ദുർഗന്ധം അകറ്റാനായി വലിയ തുക കൊടുത്ത് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരും ഏറെയാണ്.
എന്നാൽ നമ്മുടെ അടുക്കളയിലും മുറ്റത്തുമൊക്കെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ബാത്ത്‌റൂമിലെ ദുർഗന്ധം എളുപ്പത്തിൽ മാറ്റാൻ സാധിക്കും. പലരും പുതീന വീട്ടിൽ വളർത്താറുണ്ട്. ഇതിന്റെ കുറച്ച് ഇലകളെടുത്ത് ഗ്രാമ്പുവിനൊപ്പം ചതച്ചെടുക്കുക. ശേഷം ബാത്ത്റൂമിൽവച്ചാൽ ദുർഗന്ധം അകറ്റാൻ സാധിക്കും.
ഓറഞ്ച് തൊലി കർപ്പൂരവുമായി യോജിപ്പിച്ച് ബാത്ത്റൂമിന്റെ ജനാലയിൽ വച്ചുകൊടുക്കുന്നതുവഴിയും ദുർഗന്ധം അകറ്റാൻ സാധിക്കും. ചെറുനാരങ്ങ കഷ്ണങ്ങളാക്കി ജനാലയിൽ വയ്‌ക്കുന്നതും ദുർഗന്ധം അകറ്റാൻ സാധിക്കും. കൂടാതെ കുറച്ച് ബേക്കിംഗ് സോഡ ബാത്ത്‌റൂമിൽ തുറന്നുവയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും.
അതേസമയം, ബാത്ത്‌റൂം വൃത്തിയായി സൂക്ഷിക്കണം. അല്ലാത്തപക്ഷം എന്ത് ചെയ്താലും ദുർഗന്ധം മാറണമെന്നില്ല. മാത്രമല്ല വൃത്തിയില്ലാത്ത ബാത്ത്‌റൂമിൽ രോഗാണുക്കളും ഉണ്ടാകും. അതിനാൽത്തന്നെ ദിവസവും ബാത്ത്‌റൂം നന്നായി കഴുകുക.
ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ബാത്ത്റൂം കഴുകിയാൽ അണുക്കളെ അകറ്റാം. അതിനൊപ്പം തന്നെ ദുർഗന്ധവും ഇല്ലാതാകും. ഒന്നുകിൽ ബാത്ത്‌റൂം കഴുകുന്ന വെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കുക. എന്നിട്ട് നന്നായി തേച്ചുരച്ച് കഴുകുക. അല്ലെങ്കിൽ വിനാഗിരിയിൽ ഉപ്പ് ചേർത്ത് ബാത്ത്‌റൂമിൽ ഒഴിച്ച് നന്നായി തേച്ചുകഴുകിയാൽ മതി.