
വാങ്ങിച്ച് ഒന്നോരണ്ടോ ദിവസം കഴിയുമ്പോൾത്തന്നെ മുളയ്ക്കും. ഉരുളക്കിഴങ്ങ് വാങ്ങുന്നവരെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. വിലകൊടുത്ത് വാങ്ങിയത് എങ്ങനെ കളയുമെന്ന് വിചാരിച്ച് മുളകൾ ഒഴിവാക്കി പാകംചെയ്യുകയാണ് ഒട്ടുമിക്കവരും ചെയ്യുന്നത്. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാമോ എന്നസംശയം പലർക്കുമുണ്ട്. സംശയം ശരിയാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. വിഷലിപ്തമായതിനാൽ മുളച്ച ഉരുളക്കിഴങ്ങുകൾ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അവർ പറയുന്നു.
എന്തൊക്കെയാണ് പ്രശ്നങ്ങൾ എന്നുനോക്കാം. ഉരുളക്കിഴങ്ങിന്റെ മുളപൊട്ടിയ ഭാഗത്ത് ഗ്ലൈക്കോ ആൽക്കലാേയിഡുകൾ അടങ്ങിയിരിക്കും. ഇത് കുറച്ചുമാത്രം ശരീരത്തിനുള്ളിലെത്തിയാൽ വലിയ പ്രശ്നമില്ല. എന്നാൽ കൂടിയ അളവിലെത്തിയാൽ വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും. ഒത്തിരി കൂടിയ അളവിൽ അകത്തുചെല്ലുകയാണെങ്കിൽ കൂടിയ രക്തസമ്മർദം, കൂടിയ പൾസ്, പനി, തലവേദന എന്നിവയ്ക്ക് കാരണമാകും. ഗർഭിണികൾ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒട്ടും നന്നല്ലെന്നും വിദഗ്ദ്ധർ പറയുന്നു. ജനനവൈക്യങ്ങൾക്ക് ഇത് ഇടയാക്കിയേക്കും.
എളുപ്പത്തിൽ തിരിച്ചറിയാം
ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങളിൽ പച്ചനിറമുണ്ടാവുക, കഴിക്കുമ്പോൾ കയ്പ്പ് രുചി എന്നിവ ഗ്ലൈക്കോ ആൽക്കലാേയിഡുകൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നതിന്റെ ലക്ഷണമാണ്. അത്തരത്തിലുള്ളവയെ പൂർണമായും ഒഴിവാക്കുക തന്നെവേണം. ഇലകളും മുളകളും ഒഴിവാക്കിയാൽ ഗ്ലൈക്കോ ആൽക്കലാേയിഡുകളുടെ സാന്നിദ്ധ്യം അല്പം കുറയ്ക്കാനാവും. പുഴുങ്ങിയാലോ, മൈക്രോവേവ് ചെയ്താലോ, ബേക്ക് ചെയ്താലോ ഇതിന്റെ സാന്നിദ്ധ്യം കുറയില്ല.
ആവശ്യമുള്ള ഉരുളക്കിഴങ്ങ് മാത്രം വാങ്ങിസൂക്ഷിക്കുകയാണ് ഉരുളക്കിഴങ്ങ് മുളയ്ക്കാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത്. കുറച്ചധികം വാങ്ങിയെങ്കിൽ അതിനെ തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിച്ചാൽ മുളയ്ക്കാതിരിക്കും. സവാളയ്‌ക്കൊപ്പം സൂക്ഷിക്കുന്ന ഉരുളക്കിഴങ്ങുകളും മുളയ്ക്കില്ല .