mohanlal-mammootty

പുതുതലമുറ ഇപ്പോഴും മമ്മൂട്ടിയേയും തന്നെയും ഒരുപോലെ ഇഷ്‌ടപ്പെടുന്നതിന് കാരണങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി സൂപ്പർതാരം മോഹൻലാൽ. അദ്ദേഹം സംവിധാനം ചെയ‌്ത ആദ്യ ചിത്രം ബറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് നൽകി അഭിമുഖത്തിലാണ് ലാൽ ഇതുവരെ പരാമാർശിച്ചിട്ടില്ലാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മോഹൻലാലിന്റെ വാക്കുകൾ-

''ഞങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ കാരണമാണ് ഇന്നത്തെ തലമുറയും എന്നേയും മമ്മൂട്ടിയുമൊക്കെ ഇപ്പോഴും സ്നേഹിക്കുന്നത്. എന്തെല്ലാം സൗകര്യങ്ങളാണ് അവർക്ക് മുന്നിൽ ഇന്നുള്ളത്. ഞങ്ങളുടെയെല്ലാം പഴയ ചിത്രങ്ങൾ അങ്ങനെ കണ്ട് ഇഷ്‌ടപ്പെടുകയാണ് അവർ. ആ ഇഷ്‌ടം കൊണ്ടാണ് ഞങ്ങളുടെയെല്ലാം ചില പഴയ ചിത്രങ്ങൾ പുതിയ സാങ്കേതിക വിദ്യയിലൂടെ തിയേറ്ററുകളിൽ റീ റിലീസിനെത്തുന്നത്. പുതുതലമുറ അത്തരം സിനിമകൾ കാണാൻ ഇഷ്‌ടപ്പെടുകയാണ്. പുതിയ സിനിമകളുമായി അവർ ഞങ്ങളുടെ പഴയ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. കൂടുതൽ തമാശകൾ, വൈകാരിക നിമിഷങ്ങളെല്ലാം അവർക്ക് അതിൽ നിന്ന് കിട്ടുന്നു.

മറ്റൊന്നുള്ളത്, മഹാന്മാരായ ധാരാളം ചലച്ചിത്രകാരന്മാരുമായി ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു എന്നതാണ്. വളരെ നല്ല കഥകളുടെ ഭാഗമാകാനുള്ള അവസരവും ലഭിച്ചു. ഭരതൻ, പത്മരാജൻ, മണിരത്നം, അരവിന്ദൻ അങ്ങനെ എത്രയോപേർ. പുതുതലമുറയിലും അൺബിലീവബിൾ ആയിട്ടുള്ള സംവിധായകരുണ്ട്. പക്ഷേ വിഷയമാണ് പ്രശ്നം.

വാണിജ്യ സിനിമകളും, കോമഡിയും, ആക്ഷനുമെല്ലാം ഒരേ സമയത്ത് തന്നെ ഞാൻ ചെയ‌്തിട്ടുണ്ട്. ഒരു വർഷം 36 സിനിമകൾ വരെ ചെയ‌്തിട്ടുണ്ട്. ശശികുമാറിന്റെയും പത്മരാജന്റെയും തമ്പിക്കണ്ണന്താനത്തിന്റെയും സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ഭരതന്റെയുമൊക്കെ സിനിമകൾ ഒരേ സമയത്താണ് ചെയ‌്തിട്ടുള്ളത്. അഭിനയത്തിന് വൈവിധ്യങ്ങളായ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതൊക്കെയാണ് ഞങ്ങൾക്ക് സൃഷ്‌ടിച്ചെടുത്ത സ്വത്ത് എന്ന് പറയാം. ആ ഡെപ്പോസിറ്റിൽ നിന്നുള്ള പലിശ ഇപ്പോൾ വാങ്ങുന്നു. ''

ഡിസംബർ 25ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹൻലാൽ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.