
മെൽബൺ: വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം. അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതാണ് കൊഹ്‌ലിയെ ചൊടിപ്പിച്ചത്.
വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ താരം സ്‌കോട്ട് ബോളൻഡിന്റെ അഭിമുഖം എടുക്കുകയായിരുന്നു ചില മാദ്ധ്യമങ്ങൾ. ഇതിനിടെ കൊഹ്‌ലിയും കുടുംബവും വിമാനത്താവളത്തിൽ എത്തി. തുടർന്ന് ബോളൻഡിൽ നിന്ന് മാദ്ധ്യമശ്രദ്ധ കൊഹ്‌ലിയിലേക്കായി. ഓസ്‌ട്രേലിയൻ മാദ്ധ്യമമായ ചാനൽ 7 ചിത്രങ്ങൾ പകർത്തുന്നത് കണ്ടതോടെ കൊഹ്‌ലി ചൂടാവുകയായിരുന്നു. ഒരു മാദ്ധ്യമപ്രവർത്തകയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. 'എന്റെ കുട്ടികൾ കൂടെയുള്ളപ്പോൾ എനിക്കൽപ്പം സ്വകാര്യത ആവശ്യമാണ്. എന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാവില്ല'- എന്ന് കൊഹ്‌ലി മാദ്ധ്യമങ്ങളോട് പറയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തുടർന്ന് മക്കളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചില്ല എന്ന് മാദ്ധ്യമപ്രവർത്തകർ ഉറപ്പ് നൽകിയപ്പോഴാണ് കൊഹ്‌ലി ശാന്തനായത്. ശേഷം ചാനൽ 7 ക്യാമറാമാന് താരം കൈകൊടുക്കുകയും ചെയ്തു. സംഭവദൃശ്യങ്ങൾ ചാനൽ 7 തന്നെ പുറത്തുവിടുകയും ചെയ്തു.
Indian cricket superstar Virat Kohli has been involved in a fiery confrontation at Melbourne Airport. @theodrop has the details. https://t.co/5zYfOfGqUb #AUSvIND #7NEWS pic.twitter.com/uXqGzmMAJi
— 7NEWS Melbourne (@7NewsMelbourne) December 19, 2024