
കൊൽക്കത്ത: സാധാരണ വിലയുടെ പത്തിരട്ടിയിലധികം തുകയാണ് നമ്മൾ വിമാനത്താവളത്തിൽ പോയാൽ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരാറുള്ളത്. ഇക്കാരണത്താൽ അവിടെ നിന്നും ഒരു ചായ പോലും കുടിക്കാൻ മടിക്കുന്ന സാധാരണക്കാർക്ക് ഒരു സന്തോഷവാർത്ത. മിതമായ വിലയ്‌ക്ക് ചായയും ലഘുഭക്ഷണവും കുടിവെള്ളവും ലഭിക്കുന്ന ഉഡാൻ യാത്രി കഫേകൾ ആരംഭിക്കാനൊരുങ്ങുകയാണ് എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ആണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ആദ്യ ഉഡാൻ യാത്രി കഫേ കൊൽക്കത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരംഭിക്കാനാണ് പദ്ധതി. വിമാനത്താവളത്തിന്റെ നൂറാം വാർഷിക ദിനത്തിൽ കഫേ പ്രവർത്തനമാരംഭിക്കും. ഇതിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്‌തു. കൊൽക്കത്തയിലെ ഡിപ്പാർചർ ലോഞ്ചിൽ സെക്യൂരിറ്റി ഹോൾഡ് ഏരിയയ്‌ക്ക് മുന്നിലായിരിക്കും ഉഡാൻ കഫേ തുറക്കുക. വിജയമെന്ന് കണ്ടാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഉഡാൻ യാത്രി കഫേയിലെ മെനുവും വിലയും ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയാണെങ്കിൽ കഫേ വിജയിക്കുമെന്നാണ് യാത്രക്കാരിൽ പലരും പറയുന്നത്. നേരത്തെ ചെലവ് കുറഞ്ഞ വിമാന യാത്ര സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണവും ചായയും ഒക്കെയായി ഉഡാൻ യാത്രി കഫേയും ഒരുങ്ങുന്നത്.