munambam-protest

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷന് മുമ്പാകെ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്. മുനമ്പത്തേത് വഖഫ് ഭൂമി അല്ല. തങ്ങൾക്ക് ഇഷ്ടദാനം ലഭിച്ച ഭൂമിയാണ്. ആയതിനാൽ ഭൂമി വിൽക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്പം ഭൂമി തർക്ക വിഷയത്തിൽ ജൂഡീഷ്യൽ കമ്മിഷൻ ഹിയറിംഗ് അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് ഫാറൂഖ് കോളേജ് നിലപാട് അറിയിച്ചത്.

മുനമ്പം ഭൂമി ക്രയവിക്രയം ചെയ്യാൻ തങ്ങൾക്ക് പൂർണ അധികാരമുണ്ടെന്ന് മുനമ്പം വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി എസ് രാമചന്ദ്രൻ നായർക്ക് മുമ്പാകെയാണ് ഫാറൂഖ് കോളേജ് വ്യക്തമാക്കിയത്. മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. ഇക്കാര്യം കമ്മിഷനോട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. സർക്കാരും ഇതുവരെ വിഷയത്തിൽ കമ്മിഷനെ നിലപാട് അറിയിച്ചിട്ടില്ല. എല്ലാവരുടെയും നിലപാടുകൾ അറിഞ്ഞതിനുശേഷം അടുത്തമാസം ആദ്യം തന്നെ ഹിയറിംഗ് ആരംഭിക്കാനാണ് കമ്മിഷന്റെ തീരുമാനം.

മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യൽ കമ്മിഷൻ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കമ്മിഷന് മുനമ്പം ഭൂസമര സമിതി ഭാരവാഹികൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും കൈമാറി. കാക്കനാട്ടെ കമ്മിഷൻ ഓഫീസിൽ വച്ചാണ് രേഖകൾ കൈമാറിയത്. രേഖകൾ സ്വീകരിച്ച കമ്മിഷൻ സമയ ബന്ധിതമായി സർക്കാരിന് റിപ്പോർട്ട് നല്കുമെന്ന് അറിയിച്ചിരുന്നു.