
ഏഷണിക്കാരിയായ അയൽവാസി, മരുമകളെ ഉപദ്രവിക്കുന്ന അമ്മായി അമ്മ. സ്ക്രീനിൽ നിറഞ്ഞാടിയ മീന ഗണേഷ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ സ്വഭാവ നടികളുടെ സ്ഥാനത്തേക്ക് വളരെ വേഗമാണ് എത്തിയത്. സിനിമയിലെ കൊച്ചുരംഗവും ആ മുഖവും ശബ്ദവും സംസാരശൈലിയും പ്രേക്ഷക ഹൃദയത്തിൽ കയറുകയും ചെയ്തു . എന്നാൽ
വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന മീന ഗണേഷിന്റെ വാർധക്യകാല ജീവിതത്തിന് നിറം ഉണ്ടായിരുന്നില്ല. തികഞ്ഞ കലാകാരിയായിരുന്നു മീന ഗണേഷ്.
അച്ഛൻ കെ.പി. കേശവൻ നായർ സിനിമ നടനായിരുന്നു. അച്ഛന് നാടകക്കാരുമായുള്ള ബന്ധമാണ് മീനയെ നാടകക്കളരിയിൽ എത്തിച്ചത്. ഷൊർണൂരിന്റെ നാടക - സിനിമാമുഖമായിരുന്നു മീന ഗണേഷ്. പത്തൊൻപതാം വയസിൽ
എ.എൻ ഗണേഷിന്റെ പ്രളയം നാടകത്തിൽ അഭിനയിച്ച് അരങ്ങേറ്രം . ആ പരിചയം പ്രണയമായി പിന്നീട് വിവാഹം.വിവാഹശേഷം ഷൊർണൂരിൽ പൗർണമി കലാമന്ദിർ എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. നാടകസമിതി തന്നെയായിരുന്നു ഗണേഷിന്റെയും മീനയുടെയും വീട്. ഗണേഷ് എഴുതിയ ഇരുപതിലേറെ നാടകങ്ങളിൽ ഒരുമിച്ചഭിനയിച്ചു. കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ പ്രൊഫഷണൽ ട്രൂപ്പുകളിൽ മീന ഗണേഷ് എന്ന അഭിനേത്രി തകർത്തഭിനയിച്ചു. ജീവിക്കാൻ നാടകാഭിനയം തിരഞ്ഞെടുത്തപ്പോൾ എതിർപ്പുകൾ ഉണ്ടായി. വീട്ടിലേക്ക് അരി വാങ്ങി തരാൻ അവരോട് മീന പറഞ്ഞു.
തിലകനും എ.എൻ. ഗണേഷും മീനയും ചങ്ങനാശേരി ഗീഥയിൽ മൂന്നുവർഷം ഒരുമിച്ചു അഭിനയിച്ചിരുന്നു. അന്ന് മീനയുടെ വിവാഹം കഴിഞ്ഞില്ല. തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകം ആണ് അഭിനയജീവിതത്തിൽ വഴിത്തിരിവായത്. നിരവധി അംഗീകാരങ്ങൾ ലഭിച്ചു.നാടകത്തിൽ മുസ്ളിം കഥാപാത്രങ്ങൾ മീനയെ സ്റ്റേജിൽ ഉറപ്പിച്ചു നിറുത്തി. സിനിമയിലും മുസ്ളിം കഥാപാത്രത്തിൽ തിളങ്ങി.എറണാകുളം ദൃശ്യകലാഞ്ജലിയിൽ എ.എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത പാഞ്ചജന്യം നാടകം തുടർച്ചയായി മൂന്നുവർഷം അവതരിപ്പിച്ചു.
1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യചിത്രം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീശമാധവൻ, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നൂറിലേറെ സിനിമകൾ. പലതിലും ശ്രദ്ധേയ കഥാപാത്രങ്ങൾ.സീരിയലുകളിലും വേഷമിട്ടു.
അപ്രതീക്ഷിതമായി 2009 ഒക്ടോബർ 13ന് എ.എൻ. ഗണേഷ് വിട പറഞ്ഞതോടെ മീനയുടെ ജീവിതം മാറി മറിഞ്ഞു. ഭർത്താവ് പോയതോടെ തന്റെ ബലംപോയി എന്ന് മീന പറഞ്ഞിട്ടുണ്ട്. രോഗങ്ങൾ തളർത്തി.
ഒപ്പം താമസിക്കാൻ മക്കൾ വിളിച്ചെങ്കിലും കഴിയാവുന്നിടത്തോളം ഇങ്ങനെ പോകട്ടെ എന്നായിരുന്നു തീരുമാനം, 'അമ്മ'യുടെ പെൻഷൻ മാത്രമായിരുന്നു ഏക ആശ്രയം.
കലാഭവൻ മണിയുടെ അമ്മയായാണ് സിനിമയിൽ മീന ഗണേഷ് ഏറെ തിളങ്ങിയത്.
മണിയുടെ മരണം മീനയെ തളർത്തി. ഏഴ് സിനിമയിൽ കലാഭവൻ മണിയോടൊപ്പം അഭിനയിച്ചു. 81-ാം വയസിൽ വിട പറയുമ്പോൾ മുൻപിൽ സമ്പാദ്യമായി ഒരുപിടി കഥാപാത്രങ്ങൾ മാത്രം.