
കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രേമപ്രാന്ത് എന്നു പേരിട്ടു. നിവിൻപോളി നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധായകൻ എബ്രിഡ് ഷൈനിന്റെ മകൻ ഭഗത് എബ്രിഡ് ഷൈൻ ആണ് നായകൻ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 സിനിമയിൽ നിവിൻ പോളിയുടെ മകൻ കണ്ണൻ എന്ന കഥാപാത്രമായി തിളങ്ങിയ ഭഗതിന്റെ നായക അരങ്ങേറ്റം കൂടിയാണ്. എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചബ്രയാണ്. ചിത്രത്തിന്റെ ടൈറ്രിൽ പോസ്റ്രർ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. മിമിക്രിയിലൂടെയും വെള്ളിത്തിരയിൽ എത്തി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരമാണ് പ്രജോദ്. ലാൽജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെയാണ് അരങ്ങേറ്രം.ഡിറ്റക്ടറ്റീവ്,നാടാടി മന്നൻ, ആക്ഷൻ ഹീറോ ബിജു,വെറുതേ ഒരു സിനിമ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ച് പ്രജോദ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
‘മീശമാധവൻ’ എന്ന സിനിമയിൽ എനിക്ക് കരിയറിലെ മികച്ച വേഷം തന്നതിന് ലാൽജോസ് സാറിനോടും എന്റെ സ്റ്റേജ് പേര് നൽകിയ കലാഭവനോടും ഞാൻ നന്ദിയുള്ളവനാണ്. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. അവസാനമായി പക്ഷേ, എന്റെ സുഹൃത്തിനും സഹോദരനും വിശ്വസ്തനുമായ നിവിൻ പോളിയുടെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചതിന് പ്രത്യേക നന്ദി. ലവ് യു, നിവിൻ! ". പ്രജോദിന്രെ വാക്കുകൾ. പ്രേമപ്രാന്തിലെ മറ്റു താരങ്ങളെയും അണിയറപ്രവർത്തകരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി. ആർ. ഒ പ്രതീഷ് ശേഖർ.