
കോഴിക്കോട്: യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇൻഡിഗോ എയർലൈൻസ്. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുകയാണ്. ഈ മാസം 21 മുതലാണ് സർവീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലർച്ചെ 1.55ന് പുറപ്പെടുന്ന വിമാനം അബുദാബിയിൽ പുലർച്ചെ 4.35ന് എത്തും. തിരികെ രാവിലെ 5.35ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോട് എത്തും. നിലവിൽ ജനുവരി 16 വരെയാണ് ഈ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
യാത്രക്കാർ കൂടുതലായാൽ സർവീസ് നീട്ടാനും സാദ്ധ്യതയുണ്ട്. പുതിയ സർവീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 468 ദിർഹവും (10,849 രൂപ) അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹവുമാണ് (9,064 രൂപ). നിലവിൽ ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.
പുതിയ സർവീസ് വരുന്നതോടെ ഈ റൂട്ടിലെ യാത്രക്കാർക്ക് ആശ്വാസമാകും. നേരത്തേ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് നടത്തിയിരുന്നു. കൊവിഡിനെ തുടർന്നാണ് ഈ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.