drrr

മുംബയ്: ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവർ 14 ആയി.

ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചു.

അന്വേഷണം നടത്തുകയാണെന്നും അശ്രദ്ധയുണ്ടായതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്തും അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുന്നെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും ഇന്നലെ മഹാരാഷ്ട്ര നിയമസഭയെ അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവർത്തിച്ചു. 100ലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വിനോദ സഞ്ചാരികളുമായി ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ച് അപകടമുണ്ടായത്. യാത്രാബോട്ടായ നീൽകമൽ മുങ്ങി കുട്ടികളുൾപ്പെടെ 13 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന വിനോദ സ‍ഞ്ചാരികളെ രക്ഷപ്പെടുത്തി.

ജാക്കറ്റ് നിർബന്ധം

നാവികസേനയുടെ സ്പീഡ് ബോട്ടിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അതിനിടെ ബോട്ട് യാത്രയിൽ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നത് നി‌‌ർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ലൈഫ് ജാക്കറ്റുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അധികാരികൾ ജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന ആവശ്യം സമൂഹ മാദ്ധ്യമത്തിലുൾപ്പെടെ ഉയർന്നിട്ടുണ്ട്. യാത്രാസമയം ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്ന് ബോട്ടപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ആരോപിച്ചിരുന്നു. 90 പേർക്ക് മാത്രം യാത്ര ചെയ്യാനാവുന്ന ബോട്ടിൽ 100ലധികം പേരെ കയറ്റിയത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി പൊലീസ് പറഞ്ഞു. 84 യാത്രികരെയും 6 ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് 90. ബോട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചതായും അറിയിച്ചു.

മലയാളി ദമ്പതികൾ സുരക്ഷിതർ

അതിനിടെ അപകടത്തിൽ കാണാതായ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തി. ഇവരുടെ മകൻ ആറു വയസുകാരനെ മാത്രമാണ് കണ്ടെത്തിയിരുന്നത്. ദമ്പതികൾ മുംബയ് ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ദമ്പതികളെ രക്ഷാപ്രവർത്തകർ മുംബയ് ഡോക് യാർഡിലേക്കും മകൻ ഏബൽ മാത്യുവിനെ ഉറാൻ തുറമുഖത്തുമാണ് എത്തിച്ചത്.