ayyappa-muthan

പാലക്കാട്ടെ ഒരു വനാതിർത്തിയിൽ ഉള്ള ഗ്രാമപ്രദേശത്താണ് അയ്യപ്പ മുത്തന്റെ ആരാധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാറ്റും മഴയും വെയിലും എല്ലാം കൊണ്ട് പ്രകൃതിയിൽ അലിഞ്ഞ് ചേർന്ന്, അരളി മരത്തിന്റെ താഴെയാണ് ഈ മൂർത്തി കുടികൊള്ളുന്നത്. കാവ് സങ്കൽപ്പം എന്ന് തന്നെ പറയാം. രൂപം ഇല്ല, കല്ലിൽ ആണ് മൂർത്തി സങ്കൽപ്പം കുടികൊള്ളുന്നത്. ഗ്രാമീണ ജനതയും, ഗോത്ര ജനതയും ഈ മൂർത്തിയെ തൊഴാൻ വരും. വർഷത്തിൽ ഒരിക്കൽ ഇവിടെ പൂജ പതിവുണ്ട്. കാർഷിക സംസ്‌കാരവും ആയി ഈ മൂർത്തിക്ക് ബന്ധമുണ്ട്. ഈ ആരാധനാ കേന്ദ്രത്തിന്റെ അരികിലായി വലിയൊരു പാടശേഖരവും കാണാൻ സാധിക്കും. കൊയ്ത്ത് കാലത്ത് , കൊയ്ത്ത് തുടങ്ങുന്നതിനു മുന്നേ കർഷകർ അയ്യപ്പ മുത്തന് തേങ്ങ ഉടയ്ക്കുന്ന പതിവുണ്ട്.


ഇവിടെ കാലങ്ങളായി മറ്റൊരു വിത്യസ്തമായ ഒരു ആചാരം/ വഴിപാട് നടന്നു പോരുന്നുണ്ട്. ഈ മൂർത്തിക്ക് മുന്നിലായി കുന്ന് പോലെ ധാരാളം കല്ലുകൾ കാണാൻ സാധിക്കും.കാടിനെയും നാടിനെയും ബന്ധിപ്പിക്കുന്ന ഈ ആരാധന കേന്ദ്രം നിലകൊള്ളുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ഭാരം ചുമന്ന് വരുന്നവർ, വഴിയാത്രക്കാർ എന്നിവർ ഇവിടെ അയ്യപ്പ മുത്തന്റെ മുന്നിൽ വന്ന് നിന്ന് ഒരു കല്ലെടുത്ത് പ്രാർത്ഥിച്ച് സമർപ്പിക്കും. എടുത്ത് കൊണ്ട് പോകുന്ന ചുമട് കാരണം അധികം ക്ഷീണം തോന്നാതെ ഇരിക്കാനും, ചുമടിന് ഭാരം അധികം തോന്നാതെ ഇരിക്കാനും, കാട്ടിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാനും വേണ്ടിയുള്ള ഒരു വഴിപാട് ആണിത്. അങ്ങനെ പ്രാർത്ഥിച്ച് മുത്തന്റെ മുന്നിൽ കല്ലിട്ടാൽ അത് നടക്കും എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം.


ഈ കല്ലിടൽ ചടങ്ങുമായി ഏറ്റവും സാമ്യം ഉള്ള മറ്റൊരു ചരിത്രമുണ്ട്. ഗോത്ര കാലത്ത് നമ്മുടെ ദേശങ്ങളിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായവും ആയി ബന്ധപ്പെട്ട ഒന്നാണത്. അന്നത്തെ ജനത തങ്ങളുടെ പൂർവികർ മരിച്ച് കഴിഞ്ഞാൽ വർഷത്തിൽ ഒരിക്കൽ, അത് അവർ മരിച്ച ദിനത്തിലോ അല്ലാത്ത ദിനത്തിലോ ആകാം,അവരുടെ ശവക്കല്ലറകൾക്ക് മുന്നിൽ ചെന്ന് ഒരു കല്ലിട്ട് കുമ്പിടും. അങ്ങനെ ചെയ്താൽ അവരെ തങ്ങളുടെ പൂർവികർ അനുഗ്രഹിക്കും, സംരക്ഷിക്കും എന്നാണ് വിശ്വാസം. സന്തതി പരമ്പരകൾ മരിച്ചാലും തന്നെ മറക്കുന്നില്ല എന്നതിന്റെ മറ്റൊരു ഭാഗം ആണിതെല്ലാം.