
സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പാക്കി കേരളം
ഇന്നലെ ഒഡിഷയെ കീഴടക്കിയത് എതിരില്ലാത്ത രണ്ടുഗോളുകൾക്ക്
തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പിൽ കേരളം ഒന്നാമത്
ഹൈദരാബാദ്: ഫൈനൽ റൗണ്ട് പ്രാഥമിക ഗ്രൂപ്പിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ ഡെക്കാൻ അരീനയിൽ നടന്ന മത്സരത്തിൽ ഒഡിഷയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് കേരളം അവസാനഎട്ടിലെ സ്ഥാനം ഉറപ്പാക്കിയത്. ബി ഗ്രൂപ്പിൽ രണ്ടു കളികൾ ശേഷിക്കേ മുന്നോട്ടുള്ള വഴി സുരക്ഷിതമാക്കിയ കേരളം ഇനി 22ന് ഡൽഹിയേയും 24ന് തമിഴ്നാടിനേയും നേരിടും.
ആദ്യ മത്സരത്തിൽ ഗോവയെ 4-3നും രണ്ടാം മത്സരത്തിൽ മേഘാലയയെ 1-0ത്തിനും തോൽപ്പിച്ചിരുന്ന ജി.സഞ്ജു നയിക്കുന്ന കേരളം ഇന്നലെ ഒഡിഷയ്ക്ക് എതിരെ ഇരു പകുതിയിലുമായി ഓരോ ഗോൾ നേടുകയായിരുന്നു. 40-ാം മിനിട്ടിൽ മുഹമ്മദ് അജ്സലും 54-ാം മിനിട്ടിൽ നസീബ് റഹ്മാനുമാണ് സ്കോർ ചെയ്‌തത്. ടൂർണമെന്റിൽ അജ്‌സലിന്റെ മൂന്നാം ഗോളും നസീബിന്റെ രണ്ടാം ഗോളുമാണ് ഇന്നലെ പിറന്നത്.
ഡൽഹിക്ക് തോൽവി
കേരളം ഒന്നാമത്
ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നുമതുണ്ടായിരുന്ന ഡൽഹി ഇന്നലെ മൂന്നാം മത്സരത്തിൽ മേഘാലയയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റതോടെയാണ് കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമതേക്കുയർന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് കേരളത്തിന് ഒൻപത് പോയിന്റും ഡൽഹിക്ക് ആറുപോയിന്റുമാണുള്ളത്.
കൃത്യതയുള്ള മുന്നേറ്റം,
പഴുതടച്ച പ്രതിരോധം
1. ലഭിച്ച അവസരങ്ങളിൽ ഗോളടിക്കുകയും എതിരാളികളുടെ പരിശ്രമങ്ങളെ പഴുതടച്ച് പ്രതിരോധിക്കുകയും ചെയ്താണ് കേരളം ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിലും വിജയം നേടിയത്.
2. ഇന്നലെ മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചത് ഒഡിഷയാണ്. ക്വാർട്ടർ ഫൈനൽ പ്രതീക്ഷ നിലനിറുത്താൻ വിജയം അനിവാര്യമായിരുന്ന അവർ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടു.
3. നായകൻ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ പ്രതിരോധം അവസരത്തിനൊത്തുയർന്ന് ഒഡിഷയുടെ ഓരോ ശ്രമങ്ങളും നിർവീര്യമാക്കിക്കൊണ്ടിരുന്നു.
4. ഇതിനിടയിൽ ലഭിച്ച രണ്ട് നല്ല അവസരങ്ങളാണ് അജ്‌സലും നസീബും ഗോളാക്കിമാറ്റിയത്. സ്കോർ ഉയർത്താൻ അവസരമുണ്ടായിരുന്നെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ മാർജിനിൽ മാറ്റമുണ്ടാകാൻ അനുവദിച്ചില്ല.
5. തകർപ്പൻ ക്ളിയറൻസുകൾ നടത്തിയ സഞ്ജുവിനെത്തേടി മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരമെത്തി.ഗോവയ്ക്ക് എതിരായ മത്സരത്തിലെ പ്രതിരോധ പോരായ്മകൾ തിരുത്തുന്നതായിരുന്നു ഇന്നലത്തെ കേരളത്തിന്റെ പ്രതിരോധം.
കേരളം ഇതുവരെ
ഗ്രൂപ്പ് ബി
4-3ന് ഗോവയ്ക്ക് എതിരെ വിജയം.
1-0ത്തിന് മേഘാലയയെ തോൽപ്പിച്ചു.
2-0ത്തിന് ഒഡിഷയെ കീഴടക്കി.
കേരളം ഇനി
22ന് ഡൽഹിയെ നേരിടും.
24ന് തമിഴ്നാടിനെതിരെ
ക്വാർട്ടറിലെ കളി
ഈ മാസം 26,27 തീയതികളിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഒന്നാമതായി ഫിനിഷ് ചെയ്താൽ പശ്ചിമ ബംഗാൾ,സർവീസസ്,മണിപ്പൂർ തുടങ്ങിയ ടീമുകൾ അണിനിരക്കുന്ന എ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരെ നേരിട്ടാൽ മതി. 29ന് സെമിഫൈനലുകളും 31ന് ഫൈനലും നടക്കും.
ആദ്യമെത്തിയത് ബംഗാൾ
ക്വാർട്ടർ ഫൈനലിൽ ആദ്യമെത്തിയത് പശ്ചിമ ബംഗാളാണ്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ രാജസ്ഥാനെ 2-0ത്തിന് തോൽപ്പിച്ചാണ് ബംഗാൾ ക്വാർട്ടർ ഉറപ്പിച്ചത്.