
മെൽബൺ : സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിൽ വല്ലാത്ത ഒരു ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫോം ഔട്ടായിക്കഴിഞ്ഞ സീനിയേഴ്സ് ടീമിൽ കടിച്ചുതൂങ്ങിക്കിടക്കാൻ പാടില്ലെന്നതിന് മാതൃകയായി അശ്വിന്റെ വിരമിക്കൽ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ സമാന അവസ്ഥയിലുള്ള സീനിയേഴ്സാണ് സമ്മർദ്ദത്തിലാകുന്നത് ; പ്രത്യേകിച്ച് നായകൻ രോഹിത് ശർമ്മ. തന്റെ വിരമിക്കൽ തീരുമാനത്തിന് മാനദണ്ഡമായി അശ്വിൻ കണക്കിലെടുത്ത കാര്യങ്ങളെല്ലാം രോഹിതിനും ബാധകമായ സാഹചര്യമാണ്.
രോഹിത് കളിച്ച കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. ഈ മത്സരങ്ങളിലെ 10 ഇന്നിംഗ്സുകളിൽ നിന്നായി ആകെ നേടിയത് 110 റൺസും. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ അർദ്ധ സെഞ്ച്വറിയാണ് ആശ്വസിക്കാവുന്ന ഏക സ്കോർ. അഞ്ച് ഇന്നിംഗ്സുകളിലാണ് ഒറ്റയക്കത്തിന് പുറത്തായത്. ക്യാപ്ടനായതുകൊണ്ടുമാത്രമാണ് രോഹിതിന് പ്ളേയിംഗ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാനാവുന്നതെന്ന് വിമർശനമുണ്ട്. അതേസമയം ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് കളിക്കാതിരുന്ന പെർത്തിലെ ആദ്യ ടെസ്റ്റിൽ ടീം വിജയിക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ തന്റെ ഓപ്പണിംഗ് സ്ഥാനത്തുനിന്ന് താഴേക്ക് ഇറങ്ങേണ്ടിയും വന്നു.
38-ാം വയസിലാണ് അശ്വിൻ വിരമിച്ചത്.രോഹിത് 38-ാം വയസലേക്ക് കടക്കുകയാണ്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് വിജയത്തോടെ രോഹിത് വൈറ്റ്ബാൾ ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ രോഹിതിനും വിരമിക്കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. ഏറെക്കുറെ സമാന അവസ്ഥയിലായിരുന്ന വിരാട് കൊഹ്‌ലി പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി നേടി ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാൽ അതിന് ശേഷം വിരാടിനും മികവ് കാട്ടാനാകുന്നില്ല. ഈ പരമ്പരയിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ അതും രോഹിതിന് തിരിച്ചടിയാകും.
അശ്വിന് പകരം വാഷിംഗ്ടൺ സുന്ദർ വന്നതുപോലെ രോഹിതിന്റെ ഓപ്പണിംഗ് പൊസിഷന് കെ.എൽ രാഹുൽ അവകാശമുറപ്പിച്ചു കഴിഞ്ഞു. ക്യാപ്ടൻ സ്ഥാനത്ത് മികവ് കാട്ടാനാകുമെന്ന് ബുംറയും തെളിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ടീമിൽ തന്റെ ആവശ്യകത എന്തെന്ന് വ്യക്തമാക്കേണ്ട അവസ്ഥയിലാണ് രോഹിത്. വിരമിച്ചില്ലെങ്കിലും നായകസ്ഥാനത്തുനിന്നെങ്കിലും മാറേണ്ടിവരുമെന്നാണ് സൂചനകൾ.
2
52
0
8
18
11
3
6
10
എന്നിങ്ങനെയാണ് അവസാനമായി കളിച്ച അഞ്ച് ടെസ്റ്റുകളിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ സ്കോർ ബോർഡ്.
ഈ വർഷമാദ്യം ഇംഗ്ളണ്ടിന് എതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയതിന് ശേഷം രോഹിതിന് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല.
ടീമിന് ആവശ്യമില്ലെങ്കിൽ രോഹിത് തുടരുമെന്ന് കരുതുന്നില്ല. വിരമിൽ തീരുമാനം ഉചിതമായ സമയത്ത് രോഹിത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
- സുനിൽ ഗാവസ്കർ
അശ്വിനെ പരമ്പരയ്ക്ക് നടുവിൽ വിരമിക്കാൻ അനുവദിച്ചതിലൂടെ ടീം മാനേജ്മെന്റ് നൽകുന്ന സന്ദേശം, കരക്കാർ റെഡിയാണ്; ആരും അനിവാര്യരല്ല എന്നുതന്നെയാണ്.
- ഹർഷ ഭോഗ്‌ലെ.