vehicle

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നതിനേക്കാള്‍ വലിയ ക്രേസ് ആണ് പലര്‍ക്കും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളുടെ കാര്യത്തില്‍. ഇഷ്ട നമ്പര്‍ ലഭിക്കാനായി ലേലത്തില്‍ പങ്കെടുക്കുകയും ഫീസായി വലിയ തുക ചിലവഴിക്കുകയും ചെയ്യുന്ന നിരവധിപേരെ നാം കണ്ടിട്ടുമുണ്ട്. ചില നമ്പറുകള്‍ തങ്ങളുടെ ഐഡന്റീറ്റിയുടെ ഭാഗമായി കാണുന്നതിനാലാണ് ഫാന്‍സി നമ്പറുകള്‍ക്ക് ഇത്ര ഡിമാന്‍ഡ് വരുന്നതിന് കാരണം.

സാധാരണ ഗതിയില്‍ സിനിമാതാരങ്ങളും കായികതാരങ്ങളും വന്‍കിട ബിസിനസുകാരുമാണ് ഇഷ്ടനമ്പറിനായി പണം മുടക്കാന്‍ മടി കാണിക്കാത്തത്. ഇപ്പോഴിതാ പുതിയതായി വാങ്ങിയ വാഹനത്തിന് ഇന്ത്യയിലെ ഒരു ശതകോടീശ്വരന്‍ ഇഷ്ട നമ്പര്‍ ലഭിക്കാനായി ചെലവാക്കിയ തുകയാണ് ചര്‍ച്ചാ വിഷയം. വാഹനത്തിന്റെ വിലയേക്കാള്‍ വലിയ തുകയാണ് നമ്പരിനായി മുടക്കിയത്. അബു സബാഹ് എന്ന ബല്‍വീന്ദര്‍ സാഹ്നി ആണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഇയാളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദുബായില്‍ തന്റെ പ്രിയപ്പെട്ട നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാന്‍ കോടികളാണ് അബു സബാഹ് ചിലവിട്ടത്. 76 കോടി രൂപ ഒറ്റത്തവണയായി അടച്ചാണ് 'ഡി 5' എന്ന ഫാന്‍സി നമ്പര്‍ സബാഹ് സ്വന്തമാക്കിയത് . 5 റോള്‍സ് റോയ്‌സ് കാറുകള്‍ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. വാഹങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ പണം ചിലവിട്ടാണ് അദ്ദേഹം തന്റെ വാഹനങ്ങള്‍ക്ക് നമ്പറുകള്‍ സ്വന്തമാക്കിയത് .

ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ നിന്നുള്ള പണം ചാരിറ്റിയിലേക്കാണ് പോകുന്നതെന്ന് അബു സബാഹ് പറയുന്നു. 18-ാം വയസ്സില്‍ തന്റെ ആദ്യ ബിസിനസ് ആരംഭിച്ച അബു, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് ഫേം രാജ് സാഹ്നി ഗ്രൂപ്പിന്റെ ഉടമയും ചെയര്‍പേഴ്സണുമാണ്.