
മോസ്കോ : യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്നലെ വാർഷിക പത്രസമ്മേളനത്തിനിടെയാണ് പുട്ടിന്റെ വെളിപ്പെടുത്തൽ. എന്നാൽ മറുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയില്ല. ട്രംപ് ആഗ്രഹിക്കുന്നെങ്കിൽ അതിന് തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയിൻ അധികാരികളുമായി ചർച്ചകൾ തുടങ്ങുന്നതിന് തങ്ങൾക്ക് മുന്നിൽ വ്യവസ്ഥകളില്ലെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. യുക്രെയിൻ അധിനിവേശം റഷ്യയെ ദുർബലപ്പെടുത്തിയിട്ടില്ല. സൈന്യം കൂടുതൽ ശക്തമായി. യുക്രെയിനിലെ പ്രാഥമിക ലക്ഷ്യങ്ങൾ സൈന്യം വൈകാതെ കൈവരിക്കും. ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും റഷ്യ എപ്പോഴും തയ്യാറാണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയിനിൽ താത്കാലിക വെടിനിറുത്തൽ എന്ന ആശയം പുട്ടിൻ തള്ളി. ദീർഘകാല സമാധാന ഉടമ്പടി അംഗീകരിക്കാനാണ് താത്പര്യമെന്നും പറഞ്ഞു. യുക്രെയിൻ-റഷ്യ സംഘർഷം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ചർച്ചയ്ക്കെത്തിയാൽ മുഖംതിരിക്കില്ലെന്ന് പുട്ടിൻ കഴിഞ്ഞ മാസവും വ്യക്തമാക്കിയിരുന്നു. അതേ സമയം, യുക്രെയിനിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറാകില്ലെന്നും യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.